കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന്റെ നിര്‍ദേശാനുസരണം കൊച്ചി സിറ്റി, എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമായി നടത്തിയ പോലീസ് പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 1,030 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,030 പേര്‍ക്കെതിരെ ഇതുപ്രകാരം പോലീസ് നടപടി സ്വീകരിച്ചു.

liquor
പ്രതീകാത്മക ചിത്രം

പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് 180 കേസ് രജിസ്റ്റര്‍ ചെയ്ത് 203 പേര്‍ക്കെതിരേ പോലീസ് നടപടിയെടുത്തു. മദ്യപിച്ച് പൊതുജനശല്യം ഉണ്ടാക്കിയതിന് 105 കേസ് രജിസ്റ്റര്‍ ചെയ്ത് 111 പേര്‍ക്കെതിരേ നടപടിയെടുത്തു. സിഗ്‌നല്‍ തെറ്റിച്ച് വാഹനമോടിച്ചതിന് 34 കേസെടുത്തിട്ടുണ്ട്. അനധികൃത ചീട്ടുകളി നടത്തിയതിന് രണ്ട് സംഭവങ്ങളിലായി 10 പേര്‍ക്കെതിരേ കേസുണ്ട്. പരസ്യമായി ലൈംഗികചേഷ്ട കാണിച്ചതിന് മൂന്ന് പേര്‍ക്കെതിരേ നടപടിയെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തു.

ലഹരിപദാര്‍ത്ഥങ്ങള്‍ കൈവശം വെച്ചതിന് 34 കേസിലായി 37 പേര്‍ പിടിയിലായി. സ്ഫോടക വസ്തുകള്‍ അനധികൃതമായി കൈവശം വെച്ചതിന് രണ്ട് പേര്‍ക്കെതിരേ നടപടിയുണ്ടായി. വധശ്രമത്തിന് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് 78 പേര്‍ക്കെതിരേ കേസെടുത്തു. മറ്റ് വിഭാഗത്തില്‍പ്പെട്ട കേസുകള്‍ ഉള്‍പ്പെടെ 1,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 1,551 പേര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചതായി ഐ.ജി. അറിയിച്ചു. 

9,147 വാഹനങ്ങള്‍ പരിശോധിച്ച പോലീസ് 3,859 ട്രാഫിക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ കാലങ്ങളില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 552 പേരെ പരിശോധിക്കുകയും കുറ്റവാളികളെന്ന് കണ്ട് 19 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 354 ലോഡ്ജുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

Content highlights: Kochi, New year celebration, Anti-social activities, P.Vijayan IPS