തളിപ്പറമ്പ്: ധര്‍മ്മശാല കണ്ണൂര്‍ എഞ്ചിനീയറിങ് കോളേജിന് സമീപം വെച്ച് കാറില്‍ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് സഹിതം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് കാര്യാമ്പലത്ത് താമസിക്കുന്ന സി.അലിഅക്ബര്‍(35), കുറുമാത്തൂരില്‍ താമസിക്കുന്ന ചുഴലിയിലെ സി.ജാഫര്‍(48) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാവിലെയായിരുന്നും സംഭവം. ആന്ധ്രാപ്രദേശ് നര്സിപട്ടണത്തുനിന്നും കൊണ്ടുവരികയായിരുന്നു കഞ്ചാവ്. രഹസ്യവിവരം ലഭിച്ച പോലീസ് വാഹനം തടഞ്ഞാണ് പ്രതികളെ കുടുക്കിയത്. ബാഗിലാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനനടത്തുന്ന സംഘമാണിവരെന്ന് അന്വേഷണ സംഘം പറഞ്ഞു.
പ്രതികളില്‍ അലി അക്ബര്‍ നേരത്തെ ഒരു കൊലക്കേസിലും മോഷണക്കേസുകളിലും പ്രതിയാണ്. ചപ്പാരപ്പടവ് താഴെ എടക്കോം സ്വദേശിയായ അലി പെരിങ്ങോം സി.ആര്.പി.ക്യാമ്പിനടുത്ത് തങ്കമ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തി കിണറില്‍ തള്ളിയ കേസിലാണ് മുന്‍പ് അറസ്റ്റിലായത്.
തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാലന്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു വാഹന പരിശോധന. തളിപ്പറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ.ബിനോയ്, എസ്.ഐ.കെ.ദിനേശന് എന്നിവരുടെ നേതൃത്വത്തില്‍ എസ്.പി.യുടെ ഷാഡോ പോലീസുകാരുള്‍പ്പെടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
content highlights: 2 arrested, 16 KG marijuana, kannur