മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിനുസമീപം പോലീസ് നടത്തിയ വാഹനപരിശോധനയില്‍ രേഖകളില്ലാത്ത 2,57,97,500 രൂപയുമായി യുവാവ് പിടിയില്‍. കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം സ്വദേശി ആലപ്പടിക്കല്‍ റഫീഖ് അലി(35)യെയാണ് മലപ്പുറം പോലീസ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് മലപ്പുറം പോലീസ് പരിശോധന നടത്തിയത്.

ഞായറാഴ്ച രാവിലെ പത്തിനാണ് കാറില്‍ കോഴിക്കോട്ടുനിന്നുവരുന്ന റഫീഖ് അലിയെ പോലീസ് പിടിച്ചത്. കാറിന്റെ സീറ്റിനുപിറകിലുണ്ടാക്കിയ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കാണ് റഫീഖ് അലി രേഖകളില്ലാത്ത പണം കൊണ്ടുപോകുന്നതെന്ന് പോലീസ് പറഞ്ഞു. 

ഇടയില്‍ കോഴിക്കോട്ട് പണം നല്‍കിയതായും കൂടെയുള്ള പാണ്ടിക്കാട് സ്വദേശി ഉള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണന്നെും പോലീസ് പറഞ്ഞു. പിടിച്ചെടുത്തത് കുഴല്‍പ്പണമാകാനാണ് സാധ്യതയെന്നും പോലീസ് അറിയിച്ചു.പരിശോധനയില്‍ ഡിവൈ.എസ്.പി കെ. സുദര്‍ശന്‍, കെ. പ്രേംസദന്‍, ബിബിന്‍ പി. നായര്‍, എം. മുഹമ്മദലി, എസ്. ഉമ്മര്‍, സി. രജീഷ്, ആര്‍. സഹേഷ് എന്നിവര്‍ പങ്കെടുത്തു.