കാന്‍പുര്‍: 19കാരിയായ പ്രൈവറ്റ് സെക്രട്ടറിയെ ഫ്‌ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ തൊഴിലുടമ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ കാന്‍പുറിലാണ് സംഭവം. ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം പത്താം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടാണ് യുവതിയെ കൊലപ്പെടുത്തിയത്. അപകടമരണമെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ശേഷമാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

കാന്‍പുറില്‍ ഒരു ഡയറി ഫാം ഉടമയാണ് കേസിലെ പ്രതി. തന്റെ പ്രൈവറ്റ് സെക്രട്ടറിയായ യുവതിയോടെ ഇയാള്‍ ജോലി സംബന്ധിച്ച ചില പേപ്പറുകള്‍ നോക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കല്യാണ്പുറിലെ ഇയാളുടെ ഫ്‌ളാറ്റില്‍ എത്തിച്ചു. തുടര്‍ന്ന് തനിക്ക് വഴങ്ങണമെന്നും പണം നല്‍കാമെന്നും പറഞ്ഞെങ്കിലും യുവതി അതിന് തയ്യാറായില്ല. ഇതോടെ പ്രതി 19കാരിയെ ഫ്‌ളാറ്റിനുള്ളില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാക്കി.

തനിക്ക് നേരിടേണ്ടി വന്ന അപമാനം മറ്റുള്ളവരെ അറിയിക്കുമെന്നും പോലീസില്‍ പരാതി നല്‍കുമെന്നും യുവതി പറഞ്ഞതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് തൊഴിലുടമ യുവതിയെ താഴേക്ക് തള്ളിയിടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Content Highlights: 19 year old woman raped and killed by employer