ഹൈദരാബാദ്:  19 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ഹൈദരാബാദ് സ്വദേശിയായ അനിതയ്‌ക്കെതിരെയാണ് 17 വയസ്സുകാരിയായ ഇളയമകളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സഹോദരിയുടെ മരണത്തിന് കാരണം അമ്മയാണെന്നും, അമ്മയും ചേച്ചിയുടെ ഭര്‍ത്താവും തമ്മിലുള്ള രഹസ്യബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപിച്ചാണ് 17 വയസ്സുകാരി പോലീസില്‍ പരാതി നല്‍കിയത്. 

മാര്‍ച്ച് 12-ാം തീയതി രാത്രിയാണ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ 19-കാരി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. അമ്മയാണ് മരണത്തിന് ഉത്തരവാദിയെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് മരിച്ച യുവതിയുടെ സഹോദരി അമ്മയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

പെണ്‍കുട്ടികളുടെ അമ്മയായ അനിത ഭര്‍ത്താവുമായി നേരത്തെ വേര്‍പിരിഞ്ഞിരുന്നു. ഇതിനിടെ നവീന്‍ കുമാര്‍ എന്നയാളുമായി അനിത അടുപ്പത്തിലായി. ഇയാള്‍ അനിതയുടെ വീട്ടില്‍ വരുന്നതും പതിവായിരുന്നു. അടുത്തിടെയാണ് 19 വയസ്സുള്ള മൂത്ത മകളെ അനിത നവീന്‍കുമാറിന് വിവാഹം ചെയ്തുകൊടുത്തത്. എന്നാല്‍ മകളുടെ ഭര്‍ത്താവായ ശേഷവും അനിത നവീന്‍കുമാറുമായുള്ള രഹസ്യബന്ധം തുടര്‍ന്നു. 

വിവാഹശേഷവും ഭര്‍ത്താവും അമ്മയും തമ്മിലുള്ള ബന്ധം തുടരുന്നത് മനസിലാക്കിയ യുവതി വീട്ടില്‍നിന്ന് മാറിതാമസിക്കണമെന്ന് നവീന്‍കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകളും ഭര്‍ത്താവും വീട്ടില്‍നിന്ന് താമസം മാറിയാല്‍ താന്‍ ജീവനൊടുക്കുമെന്നായിരുന്നു അനിതയുടെ ഭീഷണി. അമ്മയുമായുള്ള രഹസ്യബന്ധം തുടരുന്നതിനെ ചൊല്ലി ഭര്‍ത്താവുമായും യുവതി വഴക്കിടുന്നതും പതിവായിരുന്നു. ഇതിനുപിന്നാലെയാണ് മാര്‍ച്ച് 12-ന് യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. 

സംഭവത്തില്‍ വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചതെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും രണ്ടുപേരെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: 19 year old girl commits suicide over her husband and mother's secret affair