ന്യൂഡൽഹി: ന്യൂ ഇയർ പാർട്ടിക്ക് പണം നൽകാത്തതിന് 19-കാരൻ മുത്തശ്ശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കിഴക്കൻ ഡൽഹിയിലെ റോഹ്ത്താഷ് നഗറിൽ താമസിക്കുന്ന സതീഷ് ജോളി(73)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സതീഷ് ജോളിയുടെ പേരക്കുട്ടിയും ബി.ബി.എ. വിദ്യാർഥിയുമായ കരണിനെ പോലീസ് അറസ്റ്റ് ചെയ്തു. സതീഷിന്റെ മൂത്ത മകൻ സഞ്ജയുടെ മകനാണ് കരൺ.

ശനിയാഴ്ച രാത്രി നടന്ന കൊലപാതകം ഞായറാഴ്ച രാവിലെയാണ് പുറംലോകമറിയുന്നത്. റോഹ്ത്താഷ് നഗറിലെ കെട്ടിടത്തിൽ താഴത്തെ നിലയിലാണ് സതീഷ് ജോളി താമസിച്ചിരുന്നത്. മൂത്തമകനായ സഞ്ജയും കുടുംബവും മുകൾനിലയിലും താമസിച്ചിരുന്നു. മറ്റൊരു മകനായ മനോജ് സമീപത്തെ മറ്റൊരു വീട്ടിലായിരുന്നു താമസം. ഞായറാഴ്ച രാവിലെ അമ്മയെ കാണാനെത്തിയ സഞ്ജയ് മുറി പൂട്ടിയിട്ട നിലയിലാണ് കണ്ടത്. തുടർന്ന് സഹോദരനെ വിളിച്ച് വിവരമറിയിച്ചു. ഇതിനുപിന്നാലെ ഇരുവരും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

ചോരയിൽ കുളിച്ച് കസേരയിൽ ഇരിക്കുന്നനിലയിലാണ് മൃതദേഹം കണ്ടത്. തൊട്ടടുത്തായി രക്തം പുരണ്ട ചുറ്റികയുമുണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പേരക്കുട്ടിയായ കരൺ ആണ് സമീപത്തെ വീട്ടിൽനിന്ന് ചുറ്റിക കടം വാങ്ങിയതെന്ന് കണ്ടെത്തിയത്. ഇതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

മീററ്റിൽ ബി.ബി.എ. വിദ്യാർഥിയായ കരൺ മുത്തശ്ശിയിൽനിന്ന് പലപ്പോഴും പണം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ന്യൂ ഇയർ പാർട്ടിയിൽ പങ്കെടുക്കാനായി കരൺ മുത്തശ്ശിയോട് പണംചോദിച്ചു. എന്നാൽ, പണം തരാനാകില്ലെന്ന് സതീഷ് ജോളി തീർത്തു പറഞ്ഞതോടെ മുത്തശ്ശിയെ കൊലപ്പെടുത്തുകയായിരുന്നു. സമീപത്ത് വാടകയ്ക്ക് താമസിക്കുന്നയാളിൽനിന്ന് ചുറ്റിക കടം വാങ്ങിയെത്തിയ കരൺ മുത്തശ്ശിയെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം വീട്ടിലുണ്ടായിരുന്ന 18,000 രൂപ കവർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

കൊലപാതകത്തിന് പിന്നിൽ കരൺ ആണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് തന്നെയാണ് ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചത്. തുടർന്ന് സഞ്ജയ് മകനെ ഫോണിൽ വിളിക്കുകയും വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. പിതാവ് പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ കരണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights:19 year old delhi man killed his grand mother