ദെഹ്‌റാദൂണ്‍: മുസ്ലീം വനിതകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച് അധിക്ഷേപിച്ച ബുള്ളി ബായ് ആപ് കേസില്‍ 18-കാരിയായ പ്രതി ഉത്തരാഖണ്ഡില്‍ അറസ്റ്റില്‍. രുദ്രാപുരില്‍ നിന്നാണ് യുവതി അറസ്റ്റിലായത്. ഈ കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് യുവതി.

ഞായറാഴ്ച ബംഗളൂരുവില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ വിശാല്‍ കുമാര്‍ (21) അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച അറസ്റ്റിലായ പെണ്‍കുട്ടി പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള വ്യക്തിയാണ്. കേസില്‍ പെണ്‍കുട്ടിയുടെ പങ്ക് സംബന്ധിച്ച് ഔദ്യോഗിക വിവരം ഒന്നും ലഭ്യമായിട്ടില്ല.

മുസ്ലിം വനിതകളെ 'ഓണ്‍ലൈന്‍ ലേല'ത്തിനു വെച്ച് അധിക്ഷേപിച്ച സംഭവത്തില്‍ അന്വേഷണം മുംബൈ പോലീസിനാണ്. വനിതകളുടെ ചിത്രങ്ങള്‍, അവരുടെ അറിവില്ലാതെ അപ്ലോഡ് ചെയ്യുകയും ഓണ്‍ലൈനില്‍ ലേലത്തിനു വെക്കുകയുമായിരുന്നു. ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ജിറ്റ് ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്ത ഉത്തരാഖണ്ഡ് പോലീസ്  അന്വേഷണസംഘത്തിന്റെ ഭാഗമല്ലാത്തതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുക മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയശേഷം മാത്രമാകും.

കഴിഞ്ഞ വര്‍ഷം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സുള്ളി ഡീല്‍സിന്റെ മറ്റൊരു പതിപ്പാണ് ബുള്ളി ബായ്. വലതുപക്ഷ ട്രോളുകളില്‍  മുസ്ലിംവനിതകളെ ലക്ഷ്യമാക്കി ഉപയോഗിക്കുന്ന അധിക്ഷേപകരമായ പദമാണ് സുള്ളി. ലക്ഷ്യംവെക്കുന്നവരെ അപമാനിക്കുക, ശല്യം ചെയ്യുക തുടങ്ങിയവയാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.

Content Highlights: 18 year old lady arrested in bulli bai app case