ലഖ്‌നൗ: ഉന്നാവിന്റെ മുറിവുണങ്ങും മുമ്പേ യു. പി.യില്‍ വീണ്ടും യുവതിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപുറിലാണ് 18 -കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയത്.
ശനിയാഴ്ച പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ ബന്ധുവും അയല്‍വാസിയുമായ യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതോടെ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തോളം ശരീരമാസകലം പൊള്ളലേറ്റ യുവതി അതീവ ഗുരുതരമായ നിലയില്‍ കാണ്‍പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹക്കാര്യം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച നാട്ടുപഞ്ചായത്ത് ചേര്‍ന്ന സമയത്താണ് പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി പീഡിപ്പിച്ച് തീ കൊളുത്തിയത്. നാട്ടുപഞ്ചായത്ത് നടക്കുന്ന സമയത്ത് വീടിനകത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് നോക്കിയപ്പോഴാണ് പെണ്‍കുട്ടി അഗ്നിക്കിരയായത് കണ്ടത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുത്തു പ്രതിക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content Highlights: 18 year old girl raped and set ablaze by lover in UP