suicide
കൈസ് റഷീദ് യൂസഫ്

കൊട്ടിയം : ദേഹമാസകലം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർഥി കൗൺസലിങ്‌ നടത്തുന്നതിനിടെ ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു ചാടി മരിച്ചു.

ചവറ പന്മന വാഴയിൽ വില്ലയിൽ അബ്ദുൾ റഷീദിന്റെയും സാജിദയുടെയും മകൻ കൈസ് റഷീദ് യൂസഫ് (18) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകീട്ട് കഴുത്തിലും കൈയിലും ആഴത്തിൽ മുറിവേറ്റനിലയിൽ കൈസിനെ പന്മനയിലെ വീടിനുസമീപം റോഡരികിൽ കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായാണ് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

പ്ലാസ്റ്റിക് സർജറിക്ക്‌ വിധേയനാക്കിയശേഷം മുറിയിലേക്കു മാറ്റിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ കൈസിന് കൗൺസലിങ്‌ നൽകുന്നതിന് ബന്ധപ്പെട്ടവർ മുറിയിലെത്തി. ബന്ധുവായ യുവാവിന്റെ സാന്നിധ്യത്തിലായിരുന്നു കൗൺസലിങ്‌ ആരംഭിച്ചത്. കൗൺസലിങ്‌ തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ തുറന്നുകിടന്ന ജനാലയിലൂടെ കൈസ് പുറത്തേക്കു ചാടുകയായിരുന്നു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനടുത്ത് കോൺക്രീറ്റ് കട്ടകൾ പാകിയ നിലത്തേക്കാണ് വീണത്. ജീവനക്കാർ ഓടിയെത്തി ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊട്ടിയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പത്താംക്ലാസ്‌ വരെ ബഹ്‌റൈനിൽ പഠിച്ച കൈസ് എൻട്രൻസ് പരിശീലനവും പ്ലസ് ടു പഠനവും പാലായിലാണ് നടത്തിയത്. വീണ്ടും എൻട്രൻസ് പരിശീലനത്തിനായി കോട്ടയത്തുള്ള ഒരു പഠന കേന്ദ്രത്തിൽ ചേർത്തിരുന്നു. പഠന സ്ഥലത്തു നിന്ന്‌ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കൈസ് വൈകീട്ടോടെയാണ് വീടിനു പുറത്തു പോയത്. പിന്നീട് റോഡരികിൽ മാരകമായി മുറിവേറ്റ്‌ രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ ശ്രമമാണെന്ന നിഗമനത്തിലാണെത്തിയത്. പ്ലസ് ടുവിന് 96 ശതമാനത്തിലധികം മാർക്ക് നേടി വിജയിച്ചിരുന്നെങ്കിലും എം.ബി.ബി.എസ്. പഠനത്തിന് താത്‌പര്യമില്ലായിരുന്നതായി പറയുന്നു.

Content HIghlights: 18 year old boy committed suicide