റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗര്‍ഭിണിയായ 17-കാരിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ 18-കാരനായ കാമുകനും സുഹൃത്തും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് കേസിലെ പ്രതികളെ പോലീസ് പിടികൂടിയത്. ഗര്‍ഭിണിയായ പെണ്‍കുട്ടി വിവാഹത്തിനായി നിര്‍ബന്ധിച്ചതിനാലാണ് കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 

ഫെബ്രുവരി 21-നാണ് പ്രതികള്‍ കൃത്യം നടത്തിയത്. ഗര്‍ഭിണിയായതോടെ എത്രയുംപെട്ടെന്ന് വിവാഹം കഴിക്കാനായി പെണ്‍കുട്ടി കാമുകനെ നിര്‍ബന്ധിച്ചു. ഇതിനിടെ ഗര്‍ഭഛിദ്രത്തിനായി കാമുകന്‍ ഒരു നഴ്‌സിനെ സമീപിച്ചെങ്കിലും ഇവര്‍ പതിനായിരം രൂപ ആവശ്യപ്പെട്ടു. പക്ഷേ, പണം സംഘടിപ്പിക്കാന്‍ കഴിയാതിരുന്നതോടെ ഗര്‍ഭഛിദ്രം നടത്താനായില്ല. തുടര്‍ന്നാണ് സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതെന്ന് പോലീസ് പറഞ്ഞു.  

ഫെബ്രുവരി 27-നാണ് സോനെ നദിയില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം 17-കാരിയുടേതാണെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 

Content Highlights: 18 year old boy and his friend killed pregnant 17 year old girl in jharkhand