തിരുവനന്തപുരം: ഐ.ജി. പി. വിജയന്റെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ നിർമിച്ച് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ 17-കാരനെയാണ് സൈബർ പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസങ്ങളിൽ രാജസ്ഥാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലായത്.

ഐ.ജി.യുടെ വ്യാജ പ്രൊഫൈൽ നിർമിച്ച് പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശമയക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഐ.ജി. തന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ കേരളത്തിലെ പല പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയത്.

തിരുവനന്തപുരത്തെ ഹണിട്രാപ്പ് കേസ് ഉൾപ്പെടെ വിവിധ സൈബർ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെത്തിയ പോലീസ് സംഘമാണ് വ്യാജ പ്രൊഫൈൽ നിർമിച്ചവരെയും പിടികൂടിയത്. രാജസ്ഥാൻ, ഹരിയാണ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഹണിട്രാപ്പ് കേസിൽ രാജസ്ഥാനിലെ കാമൻ സ്വദേശികളായ രണ്ട് പേരെയും പോലീസ് പിടികൂടിയിരുന്നു.

Content Highlights:17 year old rajasthan native arrested for creating fake facebook profile of ig p vijayan ips