ന്യൂഡൽഹി: പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിലെ പെട്ടിയിൽ ഒളിപ്പിച്ച ദമ്പതിമാർ അറസ്റ്റിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ താഹിർപുരിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ 51-കാരനും ഇയാളുടെ ഭാര്യയായ 45-കാരിയുമാണ് അറസ്റ്റിലായത്. ഭാര്യയുടെ സഹോദരിപുത്രിയായ 17 വയസ്സുകാരിയെയാണ് റിക്ഷാ തൊഴിലാളിയായ 51-കാരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 23-ന് നടന്ന സംഭവം രണ്ട് ദിവസത്തിന് ശേഷമാണ് പുറംലോകമറിഞ്ഞത്.

ബന്ധുവായ പെൺകുട്ടി പഠനസൗകര്യാർഥം ഇരുവർക്കുമൊപ്പം ഡൽഹിയിലാണ് താമസിച്ചിരുന്നത്. എന്നാൽ റിക്ഷാ തൊഴിലാളിയായ 51-കാരൻ പെൺകുട്ടിയ്ക്ക് നേരേ പലതവണ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. ഇക്കാര്യമറിഞ്ഞതോടെ ഇയാളുടെ ഭാര്യ സഹോദരിപുത്രിയോട് സ്വദേശമായ ബിഹാറിലേക്ക് തിരികെപോകാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി കൂട്ടാക്കിയില്ല. ഈ വർഷം പ്ലസ്ടു പൂർത്തിയാക്കിയ പെൺകുട്ടിക്ക് തുടർന്നും ഡൽഹിയിൽ താമസിച്ച് പഠിക്കാനായിരുന്നു ആഗ്രഹം. പെൺകുട്ടിയെച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായി. ഒക്ടോബർ 23-നും പെൺകുട്ടിയുടെ പേരിൽ ഇരുവരും വഴക്കിട്ടതോടെ സഹോദരിപുത്രിയെ കൊല്ലണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. തുടർന്നാണ് ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടിയെ 51-കാരൻ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം മൃതദേഹം കട്ടിലിനടിയിലെ പെട്ടിയിൽ സൂക്ഷിച്ചു. പിന്നാലെ 51-കാരൻ ഡൽഹിയിൽനിന്ന് കടന്നുകളയുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തി വീട്ടിൽ പരിശോധന നടത്തിയതോടെ പെൺകുട്ടിയുടെ അഴുകിയനിലയിലുള്ള മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഒക്ടോബർ 23-ന് ശേഷം 45-കാരി അയൽക്കാരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ ഭിക്ഷാടനത്തിന് പോയ താൻ തിരികെ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്നും സഹോദരിപുത്രിയെയും ഭർത്താവിനെയും വീട്ടിൽ കണ്ടില്ലെന്നുമായിരുന്നു ഇവരുടെ മൊഴി. ഭർത്താവിനോട് ചോദിച്ചപ്പോൾ പെൺകുട്ടിയെ ഗാസിയാബാദിലെ അനാഥലയത്തിലാക്കിയെന്നാണ് മറുപടി ലഭിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ദുരൂഹത വർധിച്ചതോടെ ഡൽഹി പോലീസ് ഗാസിയബാദിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒക്ടോബർ 23-ന് പെൺകുട്ടി ഗാസിയബാദിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്നാണ് റിക്ഷാ തൊഴിലാളിയായ 51-കാരനായി അന്വേഷണം ഊർജിതമാക്കിയത്.

ഇതിനിടെ, 51-കാരൻ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി അയൽക്കാരും പോലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ഒക്ടോബർ 28-ന് ബിഹാറിലെ മഥേപുര ബസ് സ്റ്റാൻഡിൽവെച്ച് പ്രതിയെ പോലീസ് പിടികൂടി. ഇയാളെ ഡൽഹിയിൽ എത്തിച്ച് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ രഹസ്യം പൂർണമായും ചുരുളഴിഞ്ഞത്.

ഭാര്യ ആവശ്യപ്പെട്ടതിനാലാണ് താൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. കൃത്യം നടത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു ദമ്പതിമാരുടെ പദ്ധതി. ഇത് പാളിയതോടെ മൃതദേഹം കട്ടിലിനടിയിലെ പെട്ടിയിൽ ഒളിപ്പിച്ചശേഷം നാട് വിടാൻ ഭാര്യ തന്നെയാണ് ഭർത്താവിനോട് പറഞ്ഞത്. സ്വദേശമായ ബിഹാറിലേക്ക് പോയാൽ ആരും സംശയിക്കില്ലെന്നും ഇവർ വിശ്വസിച്ചു. താൻ ഭിന്നശേഷിക്കാരിയായതിനാൽ അന്വേഷണം തന്നിലേക്ക് എത്തില്ലെന്നും ഭാര്യ കരുതി. എന്നാൽ പ്രതികളുടെ തിരക്കഥ പോലീസ് പൊളിച്ചെടുക്കുകയും ദിവസങ്ങൾക്കുള്ളിൽ കൊലക്കേസിന്റെ ചുരുളഴിക്കുകയുമായിരുന്നു.

Content Highlights:17 year old girl killed in delhi couple arrested