റാഞ്ചി: ജാര്‍ഖണ്ഡിലെ സുദ്നയില്‍ ഏഴ് മാസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം സോണാര്‍ ഡാമിന് സമീപത്തുനിന്ന് കണ്ടെത്തി. ഡാമിന് സമീപം കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം കൊലപാതകമാണെന്നും കേസില്‍ പെണ്‍കുട്ടിയുടെ രണ്ട് സഹോദരിമാരടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ഒളിവിലാണ്. 

സുദ്നയില്‍ താമസിച്ചിരുന്ന 17-കാരിയെ കാണാതായ സംഭവത്തിലാണ് കഴിഞ്ഞദിവസം ഞെട്ടിക്കുന്നവിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയെ രണ്ട് സഹോദരിമാരും കാമുകന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയായ 30-കാരി, മറ്റൊരു സഹോദരിയായ 25-കാരി, സഹോദരീഭര്‍ത്താവായ 30-കാരന്‍, മൂത്ത സഹോദരിയുടെ കാമുകന്മാരായ പ്രതാപ്കുമാര്‍ സിങ്, നിതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ നിതീഷ് ഒഴികെ മറ്റു പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്. 

അച്ഛനും അമ്മയും മരിച്ചശേഷം 17-കാരി മൂത്ത സഹോദരിക്കൊപ്പമാണ് സുദ്‌നയില്‍ താമസിച്ചിരുന്നത്. 30-കാരിയായ ഇവര്‍ ലൈംഗികത്തൊഴിലാളിയായിരുന്നു. 17-കാരിയെയും വേശ്യാവൃത്തിക്കായി ഇവര്‍ നിര്‍ബന്ധിച്ചു. ചെറുത്തുനിന്നെങ്കിലും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറി. 30-കാരിയുടെ കാമുകന്മാരായ പ്രതാപിനും നിതീഷിനും 17-കാരിയോട് താത്പര്യം തോന്നി. പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനായി 30-കാരിയുടെ വീട്ടിലെത്തുന്നതും പതിവായി.

ഇതിനിടെ, മറ്റൊരു യുവാവുമായി തനിക്ക് പ്രണയമുണ്ടെന്നും അയാളെ വിവാഹം കഴിക്കണമെന്നും 17-കാരി സഹോദരിയോട് പറഞ്ഞിരുന്നു. എന്നാല്‍ സഹോദരി ഈ ബന്ധത്തെ എതിര്‍ത്തു. പെണ്‍കുട്ടിയെ തന്റെ കാമുകന്മാര്‍ക്കും കൈമാറി. വീട്ടിലെത്തിയ പ്രതാപ് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു.  ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം 30-കാരി തന്റെ മറ്റൊരു സഹോദരിയായ 25-കാരിയെയും സഹോദരി ഭര്‍ത്താവിനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് അഞ്ച് പ്രതികളും ചേര്‍ന്ന് മൃതദേഹം ഓട്ടോറിക്ഷയില്‍ കയറ്റി ഡാമിന് സമീപത്തെ വിജനമായ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. യാത്രയ്ക്കിടെ 25-കാരിയുടെ വീട്ടില്‍ കയറി മൃതദേഹത്തില്‍നിന്ന് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയിരുന്നു. ഇതിനുശേഷമാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൃതദേഹം കുഴിച്ചിട്ടത്.  

കഴിഞ്ഞദിവസം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോലീസ് സംഘം പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് അയച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഒളിവില്‍പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: 17 year old girl killed by sisters and their lovers in jharkhand