റാഞ്ചി: ജാർഖണ്ഡിലെ ജംഷേദ്പുരിൽ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ശങ്കർ ടിയു, റോഷൻ കുജൂർ, സുരാജ് പത്രോ, സണ്ണി സോറൻ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയുമാണ് പോലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തെന്നും പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു. പ്രതികളിൽനിന്ന് നാടൻതോക്കും രണ്ട് വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജംഷേദ്പുർ ബാഗ്ബെറയിൽ 17-കാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. കാമുകനെ കെട്ടിയിട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന് ശേഷം പെൺകുട്ടി തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.

നൃത്ത പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. എന്നാൽ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് കണ്ടെത്തിയെന്നും കാമുകനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നും പോലീസ് പറഞ്ഞു.

Content Highlights:17 year old girl gang raped in jharkhand police arrested five accused