ഭുവനേശ്വര്‍: വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം ഭാര്യയെ മറ്റൊരാള്‍ക്ക് വിറ്റ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ബലംഗീര്‍ ബേല്‍പാഡ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യയായ 26-കാരിയെ രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍നിന്ന് പോലീസ് മോചിപ്പിച്ചു. 

വിവാഹത്തിന് ശേഷം രാജസ്ഥാനില്‍ ജോലിക്ക് പോയതായിരുന്നു ദമ്പതിമാര്‍. ഇവിടെവെച്ചാണ് 17-കാരന്‍ 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ 55-കാരന് വിറ്റത്. ഇതിനുശേഷം 17-കാരന്‍ ഒഡീഷയിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. രാജസ്ഥാനില്‍വെച്ച് ഭാര്യ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത തോന്നിയ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് 17-കാരന്റെ ഫോണ്‍ വിവരങ്ങളടക്കം പരിശോധിച്ച് വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് ഭാര്യയെ മറ്റൊരാള്‍ക്ക് വിറ്റതാണെന്ന് പ്രതി സമ്മതിച്ചത്. 17-കാരന്റെ വിവാഹത്തിന്റെ നിയമസാധുതയും പ്രശ്‌നമാണ്.

ജൂലായില്‍ വിവാഹിതരായ ദമ്പതിമാര്‍ ഓഗസ്റ്റിലാണ് റായ്പുര്‍ വഴി രാജസ്ഥാനിലെ ബാരനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. അവിടെ ഇഷ്ടിക കളത്തിലായിരുന്നു 17-കാരന്‍ ജോലിചെയ്തിരുന്നത്. ജോലിക്ക് കയറി കുറച്ച് ദിവസത്തിന് ശേഷം ഇയാള്‍ ഭാര്യയെ ഒരു 55-കാരന് വില്‍ക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് പ്രതി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയെന്നും ബാക്കി തുക ഭക്ഷണത്തിനായി ഹോട്ടലുകളില്‍ ചെലവഴിച്ചെന്നും പോലീസ് പറഞ്ഞു. 

യുവതിയെ മോചിപ്പിക്കാനായി രാജസ്ഥാനിലെത്തിയ പോലീസ് സംഘത്തിന് ഏറെ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. യുവതിയെ പാര്‍പ്പിച്ച ഗ്രാമത്തില്‍ പ്രവേശിച്ചതിന് പിന്നാലെ പോലീസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. യുവതിയെ കൊണ്ടുപോകാനാകില്ലെന്നും പണം കൊടുത്ത് വാങ്ങിയതാണെന്നും പറഞ്ഞാണ് ഇവര്‍ പോലീസിനെ എതിര്‍ത്തത്. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് യുവതിയെ ഗ്രാമത്തില്‍നിന്ന് മോചിപ്പിച്ചതെന്നും ബേല്‍പാഡ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബുലു മുണ്ട പറഞ്ഞു. കേസില്‍ പ്രതിയായ 17-കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. 

Content Highlights: 17 year old boy sold his wife for 1.8 lakhs arrested by police woman rescued