ചെന്നൈ: ത്രിപുരയിൽനിന്ന് വീട് വിട്ടിറങ്ങിയ 17-കാരനും കാമുകിയായ 14-കാരിയും വിമാനത്തിൽ പറന്നത് ചെന്നൈയിലേക്ക്. പക്ഷേ, സ്വീകരിക്കാൻ വരാമെന്ന് പറഞ്ഞ കൂട്ടുകാരൻ പറ്റിച്ചപ്പോൾ ഇരുവരുടെയും യാത്ര മുടങ്ങി. ഒടുവിൽ കമിതാക്കളെ കണ്ടെത്തിയ പോലീസ് ഇവരെ സുരക്ഷിതമായി ചൈൽഡ് ലൈനിന് കൈമാറി.

ഒക്ടോബർ 19-നാണ് ചെന്നൈ വിമാനത്താവളത്തിലെത്തിയ രണ്ട് കൗമാരക്കാർ പോലീസിനെയും അധികൃതരെയും കുഴക്കിയത്. രാത്രി മുഴുവൻ വിമാനത്താവളത്തിൽ കറങ്ങിനടന്ന 17-കാരനെയും 14-കാരിയെയും പോലീസ് നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇരുവരും വിമാനത്താവളത്തിനകത്ത് തുടർന്നതോടെ പോലീസ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കാര്യങ്ങൾ ചോദിച്ചതോടെയാണ് യാത്രയുടെ വിശദാംശങ്ങൾ മനസിലായത്.

തങ്ങൾ പ്രണയത്തിലാണെന്നും സ്ഥലങ്ങൾ കാണാനാണ് ചെന്നൈയിലേക്ക് വന്നതെന്നുമായിരുന്നു ഇവരുടെ മറുപടി. പെൺകുട്ടിയ്ക്ക് വിമാനത്തിൽ കയറണമെന്ന ആഗ്രഹം പൂർത്തീകരിക്കുകയെന്നതും യാത്രയ്ക്ക് പിന്നിലെ കാരണമായിരുന്നു. വീട് വിട്ടിറങ്ങിയ കമിതാക്കൾ ത്രിപുരയിലെ അഗർത്തലയിൽനിന്ന് ആദ്യം കൊൽക്കത്തയിലേക്കാണ് വിമാനം കയറിയത്. അവിടെനിന്ന് ചെന്നൈയിലും എത്തി. ചെന്നൈയിൽ വിമാനമിറങ്ങിയാൽ സ്വീകരിക്കാൻ വരാമെന്ന് 17-കാരന്റെ സുഹൃത്ത് പറഞ്ഞിരുന്നു. പക്ഷേ, സുഹൃത്ത് വരാതിരുന്നതോടെ ഇരുവർക്കും വിമാനത്താവളത്തിനകത്ത് തന്നെ സമയം ചിലവഴിക്കേണ്ടിവന്നു.

രാത്രി മുഴുവൻ വിമാനത്താവളത്തിൽ കറങ്ങിനടന്ന കമിതാക്കളെക്കുറിച്ച് പോലീസ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മൊബൈൽ ഫോണുകളിൽനിന്ന് രക്ഷിതാക്കളുടെ നമ്പറുകളും ആധാർ കാർഡ് വിവരങ്ങളും ലഭിച്ചതോടെ വീട്ടുകാരെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ത്രിപുരയിലെ ചൈൽഡ് ലൈൻ അധികൃതരെ ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. ഒടുവിൽ ത്രിപുരയിൽനിന്ന് പെൺകുട്ടിയുടെ ബന്ധുവും രണ്ട് ഉദ്യോഗസ്ഥരും ചെന്നൈയിലെത്തിയാണ് ഇവരെ തിരികെ കൊണ്ടുപോയത്.

Content Highlights:17 year old boy and his lover 14 year old girl secretly fly to chennai from tripura