ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ നടന്ന കൂട്ട ലൈംഗികാതിക്രമത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്നവിവരങ്ങള്‍. കുട്ടികളെ രാത്രി മുഴുവന്‍ സ്‌കൂളില്‍ താമസിപ്പിച്ച് പീഡിപ്പിച്ചതിന് പുറമേ, ഇവരെക്കൊണ്ട് ഭക്ഷണം പാകം ചെയ്യിപ്പിച്ചതായും പരാതിയിലുണ്ട്. പ്രിന്‍സിപ്പല്‍ യോഗേഷിന്റെ ലൈംഗികാതിക്രമത്തെക്കുറിച്ച് വിദ്യാര്‍ഥിനികള്‍ തന്നെയാണ് തുറന്നുപറഞ്ഞത്. 

മുസാഫര്‍ നഗറിലെ സ്വകാര്യ സ്‌കൂളിലെ 17 വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പലും ഇയാളുടെ കൂട്ടാളിയും ചേര്‍ന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരുപറഞ്ഞാണ് പത്താംക്ലാസ് വിദ്യാര്‍ഥിനികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയത്. പിറ്റേദിവസം മറ്റൊരു സ്‌കൂളില്‍വെച്ച് പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും പറഞ്ഞാണ് കുട്ടികളോട് സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്‌കൂളില്‍ താമസിപ്പിക്കുകയും ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. നവംബര്‍ 18-നായിരുന്നു സംഭവം. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ യോഗേഷ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. 

'പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരിലാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യോഗേഷ് 17 പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്ക് പലതും എഴുതാന്‍ നല്‍കി. അതിനുശേഷം രാത്രിയിലും സ്‌കൂളില്‍ തങ്ങാന്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം കൂടുതല്‍ പ്രാക്ടിക്കല്‍ ഉണ്ടെന്നാണ് പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ കിച്ച്ഡി ഉണ്ടാക്കി. പക്ഷേ, അത് പാകം ചെയ്തത് ശരിയായില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. പിന്നീട് പ്രിന്‍സിപ്പല്‍ തന്നെ സ്വയം പാകം ചെയ്ത് ആ ഭക്ഷണം പെണ്‍കുട്ടികള്‍ക്ക് നല്‍കി. ഈ കിച്ച്ഡി കഴിച്ചതോടെ പെണ്‍കുട്ടികള്‍ ബോധരഹിതരാവുകയും അവരെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു', പരാതിയില്‍ പറയുന്നു. 

'ഞങ്ങളെ പ്രിന്‍സിപ്പല്‍ സര്‍ ലൈംഗികമായി ഉപദ്രവിച്ചു. ഞങ്ങള്‍ അവിടെ 17 പേരുണ്ടായിരുന്നു. ഞങ്ങള്‍ ആദ്യം കിച്ച്ഡി ഉണ്ടാക്കിയപ്പോള്‍ പാകമായില്ലെന്ന് പറഞ്ഞു. പ്രാക്ടിക്കല്‍ പരീക്ഷയെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പല്‍ ഞങ്ങളെ വിളിച്ചുവരുത്തിയത്', ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാര്‍ഥിനികളിലൊരാള്‍ പറഞ്ഞു. 

അതേസമയം, പ്രാക്ടിക്കല്‍ പരീക്ഷയുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഒരു വിദ്യാര്‍ഥിനിയുടെ മറുപടി. ഏത് വിഷയത്തിന്റെ പ്രാക്ടിക്കല്‍ പരീക്ഷയാണെന്ന് ചോദിച്ചപ്പോള്‍ 'ഹിന്ദി'യുടെ പ്രാക്ടിക്കലാണെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്നും കുറേ എഴുതാന്‍ നല്‍കിയെന്നും വിദ്യാര്‍ഥിനി പറഞ്ഞു. 

പ്രിന്‍സിപ്പല്‍ നല്‍കിയ ഭക്ഷണം കഴിച്ചതോടെയാണ് ബോധരഹിതരായതെന്ന് മറ്റൊരു വിദ്യാര്‍ഥിനിയും പ്രതികരിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രിന്‍സിപ്പല്‍ സമ്മര്‍ദം ചെലുത്തിയതായും വിദ്യാര്‍ഥിനി വെളിപ്പെടുത്തി. 

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കുട്ടികളില്‍നിന്ന് വിവരമറിഞ്ഞ രക്ഷിതാക്കള്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന് എം.എല്‍.എ. പ്രമോദ് ഉത്ത്വാള്‍ ഇടപെട്ടതോടെയാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. 

അതേസമയം, പ്രിന്‍സിപ്പല്‍ അടക്കം രണ്ടുപേര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനായി അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും മുസാഫര്‍നഗര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പ്രതികരിച്ചു. സംഭവത്തില്‍ ആദ്യം വീഴ്ച വരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: 17 school students molested by principal in uttar pradesh