ബെംഗളൂരു: കോവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16-കാരിയെ ആശുപത്രിയിൽനിന്ന് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. കേസിൽ രണ്ട് പ്രതികളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ടാണ് നാലുപേർ ചേർന്ന് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. 16-കാരിയുടെ അമ്മയെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ശിവമോഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുന്ന അമ്മയെ 16-കാരിയായ മകളാണ് പരിചരിച്ചിരുന്നത്. ഇതിനിടെ ആശുപത്രിയിലെ കരാർ ജീവനക്കാരനായ യുവാവ് പെൺകുട്ടിയുമായി സൗഹൃദത്തിലായി.

ശനിയാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയത്. യാത്രയ്ക്കിടയിൽ ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പേർ കൂടി കാറിൽ കയറി. തുടർന്ന് ശിവമോഗയ്ക്ക് സമീപത്തെ അയനുരു ഭാഗത്തേക്ക് കാർ ഓടിച്ചുപോവുകയും ഹൈവേയുടെ സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്ത് കാർ നിർത്തുകയും ചെയ്തു. ഇവിടെവെച്ചാണ് നാലുപേരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ശേഷം രാത്രിയോടെ പെൺകുട്ടിയെ ആശുപത്രിയിൽ തിരികെ എത്തിച്ചു.

ചികിത്സയിലുള്ള അമ്മയോടാണ് തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ ആശുപത്രി അധികൃതരെയും ബന്ധുക്കളെയും വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതികളായ രണ്ടുപേരെയും മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. ഒളിവിൽപോയവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights:16 year old girl raped in shivamoga karnataka