പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടില്‍നിന്ന് കാസര്‍കോട് ബേക്കലില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാംപ്രതിയും അറസ്റ്റില്‍. നിലമ്പൂര്‍ അമരമ്പലം പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സെബീറിനെ(25)യാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദ് അറസ്റ്റുചെയ്തത്.

ഒന്നാംപ്രതി കാസര്‍കോട് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടില്‍ അബ്ദുള്‍നാസിര്‍ (24), മൂന്നാംപ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ് (19) എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഓഗസ്റ്റ് 27-നാണ് കേസിനാസ്പദമായ സംഭവം. സമൂഹമാധ്യമത്തിലൂടെ നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു യുവാക്കള്‍. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പിന്തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു.

സംഭവദിവസം രാവിലെ ആറോടെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് സെബീറിന്റെ കാറില്‍ മുഹമ്മദ് അനസും ചേര്‍ന്ന് നീലേശ്വരത്തേക്ക് കൊണ്ടുപോയി. അബ്ദുള്‍നാസിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. നീലേശ്വരത്തുണ്ടായിരുന്ന അബ്ദുള്‍നാസിറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോയി. കാറില്‍വെച്ച് അബ്ദുള്‍നാസിര്‍ പെണ്‍കുട്ടിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സെപ്റ്റംബര്‍ 21-നും ഇപ്രകാരം ആവര്‍ത്തിച്ചു. പെണ്‍കുട്ടി ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കിയതോടെ പെരിന്തല്‍മണ്ണ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പോക്സോ വകുപ്പുകളടക്കം ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.