മങ്കട: സ്വാഭാവിക ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പതിനാറുകാരി ആശുപത്രിയില്‍. പതിനെട്ടുകാരനായ ഭര്‍ത്താവിന്റെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്തു. മങ്കട പോലീസാണ് കേസെടുത്തത്.

10 മാസം മുമ്പ് അസമില്‍വെച്ചാണ് ബാലവിവാഹം നടന്നത്. തുടര്‍ന്ന് ആലപ്പുഴയിലായിരുന്നു ദമ്പതിമാര്‍. മങ്കടയ്ക്കടുത്ത് കോഴിഫാമില്‍ ജോലിചെയ്യുന്ന മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി കുറച്ചുകാലമായി താമസിക്കുന്നത്.

സ്വാഭാവിക ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് നാലുദിവസംമുമ്പാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബന്ധുക്കളുടെ പരാതിപ്രകാരമാണ് മങ്കട പോലീസ് പോക്‌സോ ചുമത്തി കേസെടുത്തത്. ഭര്‍ത്താവിനെ ആലപ്പുഴയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.