ഹൈദരാബാദ്: ഹൈദരാബാദിൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി 56-കാരനെ വിവാഹം കഴിക്കേണ്ടിവന്ന 16-കാരിക്ക് മോചനം. ഹൈദരാബാദ് പോലീസാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ യുവതി ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പെൺകുട്ടിയെ വിവാഹം കഴിച്ച 56-കാരനായ മലയാളി ഒളിവിൽപോയിരിക്കുകയാണ്.

കേരളത്തിൽനിന്നുള്ള അബ്ദുൾ ലത്തീഫ് പറമ്പൻ എന്നയാളാണ് പെൺകുട്ടിയെ വിവാഹം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ ബന്ധുവായ ഹൂറുന്നിസയാണ് വിവാഹം നടത്താൻ മുൻകൈയെടുത്തത്. 2.5 ലക്ഷം രൂപയാണ് ഇവർ അബ്ദുൾ ലത്തീഫിൽനിന്ന് കൈക്കലാക്കിയത്. ഇതിൽ 1.5 ലക്ഷം രൂപ ഹൂറുന്നിസ സ്വന്തമാക്കി. ബാക്കി തുക ഇടനിലക്കാരായ അബ്ദുൾ റഹ്മാനും വസീം ഖാനും വിവാഹത്തിന് കാർമികത്വം വഹിച്ച മതപുരോഹിതനായ മുഹമ്മദ് ബദിയുദ്ദീൻ ഖാദിരിക്കും വീതിച്ചുനൽകി. ഇവർ നാല് പേരടക്കം ആറ് പേരെയാണ് നിലവിൽ പിടികൂടിയിട്ടുള്ളതെന്നാണ് പോലീസ് നൽകുന്നവിവരം.

അതേസമയം, പെൺകുട്ടിയെ വിവാഹം കഴിച്ച അബ്ദുൾ ലത്തീഫ് പറമ്പനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ശൈശവ വിവാഹ നിരോധന നിയമത്തിന് പുറമേ പോക്സോ നിയമപ്രകാരവും പീഡനത്തിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

ബന്ധുവായ ഹൂറുന്നിസ പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ രേഖകൾ ഉപയോഗിച്ചാണ് വിവാഹം നടത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ വ്യാജരേഖ ചമച്ചതിനും ഹൂറുന്നിസക്കെതിരേ പോലീസ് കേസെടുത്തു.

16-കാരിയുടെ മാതാവ് നേരത്തെ മരിച്ചിരുന്നു. പിതാവ് കിടപ്പിലുമാണ്. വിവാഹം കഴിഞ്ഞതറിഞ്ഞ പെൺകുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്.

Content Highlights:16 year old girl forcibly married 56 year old man in hyderbad police rescued her