ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ശരീരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 16-കാരന്‍ മരിച്ചു. ബരേലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 16-കാരന്‍ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. 

മാര്‍ച്ച് നാലിനാണ് അരി മില്ലില്‍ ജോലി ചെയ്യുന്ന 16-കാരന് നേരേ അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ 16-കാരനെ തൊഴിലാളികളായ അമിത്, സൂരജ്, കമലേഷ് എന്നിവര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോവുകയും മില്ലിലെ എയര്‍ കമ്പ്രസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തുകൂടെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റുകയുമായിരുന്നു. അമിതും സുരാജും കുട്ടിയുടെ കൈകള്‍ പിടിച്ചുവെച്ചപ്പോള്‍ കമലേഷാണ് എയര്‍ കമ്പ്രസര്‍ ഉപയോഗിച്ച് ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റിയത്. സംഭവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ 16-കാരനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ബരേലിയിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു. 

സംഭവത്തില്‍ 16-കാരന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അതിക്രമത്തിന് കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വെറും തമാശയ്ക്ക് വേണ്ടിയാണോ അതോ പ്രതികള്‍ക്ക് എന്തെങ്കിലും മുന്‍വൈരാഗ്യമുണ്ടായിരുന്നോ എന്നകാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. 

Content Highlights: 16 year old boy dies after three men forcefully pump air into his body in uttar pradesh