റായ്ബറേലി: ആണ്‍സുഹൃത്തുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത് ചോദ്യംചെയ്ത സഹോദരനെ 15 വയസ്സുകാരി ശ്വാസംമുട്ടിച്ച് കൊന്നു. ഒമ്പത് വയസ്സുള്ള സഹോദരനെയാണ് പെണ്‍കുട്ടി ഇയര്‍ഫോണ്‍ വയര്‍ കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കുറ്റംസമ്മതിച്ച പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടി മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും സഹോദരന്‍ ശ്രദ്ധിച്ചിരുന്നു. ഏതാനുംദിവസം മുമ്പ് ഇക്കാര്യം സഹോദരന്‍ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞു. വ്യാഴാഴ്ചയും മാതാപിതാക്കള്‍ വീട്ടില്‍നിന്ന് പോയപ്പോള്‍ പെണ്‍കുട്ടി സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു. ഇത് കണ്ടെത്തിയ ഒമ്പത് വയസ്സുകാരന്‍ സഹോദരിയെ ചോദ്യംചെയ്യുകയും ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ പെണ്‍കുട്ടി ഇയര്‍ഫോണ്‍ വയര്‍ കഴുത്തില്‍ കുരുക്കി സഹോദരനെ കൊലപ്പെടുത്തുകയുമായിരുന്നു. 

സഹോദരന്‍ മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം വീട്ടിലെ സ്‌റ്റോര്‍ റൂമില്‍ ഒളിപ്പിച്ചു. പിന്നീട് മാതാപിതാക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ മകനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും പിറ്റേദിവസം വീട്ടിലെ സ്റ്റോര്‍ റൂമില്‍നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു. 

അയല്‍ക്കാരന്‍ മകനെ കൊലപ്പെടുത്തിയതാകുമെന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം കരുതിയത്. അയല്‍ക്കാരനെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ അന്വേഷണം കുടുംബാംഗങ്ങളിലേക്ക് നീളുകയായിരുന്നു.

ആണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ചെറിയ മുറിവുകളും പോറലുകളും ഉണ്ടായിരുന്നത് സംശയം വര്‍ധിപ്പിച്ചു. തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളെ വിശദമായി ചോദ്യംചെയ്യുകയും 25-ഓളം പേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതോടെയാണ് മരിച്ച ഒമ്പതുവയസ്സുകാരന്റെ സഹോദരിയുടെ ശരീരത്തില്‍ ചെറിയ മുറിവുകളും പാടുകളും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തിലും വയറ്റിലും കൈകളിലുമാണ് മുറിവുകളുണ്ടായിരുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തതോടെ പെണ്‍കുട്ടി കുറ്റംസമ്മതിക്കുകയായിരുന്നു. സഹോദരനെ കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നു എന്നും എന്നാല്‍ ആണ്‍സുഹൃത്തുമായി സംസാരിച്ചത് മാതാപിതാക്കളോട് പറയുമെന്ന ഭയത്താല്‍ ചെയ്തുപോയതാണെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 

Content Highlights: 15 year old girl strangled brother with earphone wire in uttar pradesh