മുംബൈ:  പഠിക്കാത്തതിന് വഴക്ക് പറഞ്ഞതിന്റെ പേരില്‍ 15 വയസ്സുകാരി അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. മുംബൈ ഐരോളിയില്‍ താമസിക്കുന്ന 41 വയസ്സുള്ള വീട്ടമ്മയെയാണ് മകള്‍ കൊലപ്പെടുത്തിയത്. 

ജൂലായ് 30-നാണ് 41-കാരിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ഇതിനുമുമ്പ് 'ഞാന്‍ എല്ലാം അവസാനിപ്പിക്കുകയാണ്' എന്ന വാട്‌സാപ്പ് സന്ദേശം വീട്ടമ്മയുടെ ഫോണില്‍നിന്ന് ഭര്‍ത്താവിനും സഹോദരനും ലഭിച്ചിരുന്നു. സംഭവം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തിയതും പെണ്‍കുട്ടിയുടെ പെരുമാറ്റവും സംശയത്തിന് കാരണമായി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

എന്‍ജിനീയറായ അച്ഛനും അമ്മയ്ക്കും മകളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. ഇതിനായി നീറ്റ് പരീക്ഷാ പരിശീലനക്ലാസുകളിലും ചേര്‍ത്തു. പെണ്‍കുട്ടി പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ഇവര്‍ എതിര്‍ത്തിരുന്നു. ജൂലായ് 27-ന് ഇതിന്റെ പേരില്‍ അച്ഛന്‍ മകളെ വഴക്കുപറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയും അമ്മാവന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. 

അമ്മാവന്റെ വീട്ടില്‍നിന്ന് കുട്ടിയെ അമ്മ തിരികെ കൊണ്ടുവന്നെങ്കിലും പഠനത്തെച്ചൊല്ലി വഴക്ക് തുടര്‍ന്നു. പഠനത്തിന്റെ പേരില്‍ ഉപദ്രവിക്കുന്നതായി പോലീസില്‍ പരാതി നല്‍കുമെന്നും പെണ്‍കുട്ടി പറഞ്ഞു.  ഇതോടെ അമ്മ തന്നെ പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവിടെവെച്ച് പോലീസ് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി പറഞ്ഞുവിടുകയായിരുന്നു. 

പിന്നീട് ജൂലായ് 30-നും പഠിക്കാത്തതിന്റെ പേരില്‍ അമ്മ പെണ്‍കുട്ടിയെ വഴക്കു പറഞ്ഞു. തര്‍ക്കത്തിനിടെ അമ്മ കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയെന്നും ഇതോടെ താന്‍ അമ്മയെ തള്ളിയിട്ടെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. തലയിടിച്ച് വീണ് അര്‍ധബോധാവസ്ഥയിലായ അമ്മ സമീപത്തുണ്ടായിരുന്ന കരാട്ടെ ബെല്‍റ്റ് എടുക്കാന്‍ ശ്രമിച്ചു. ഇതു കണ്ടതോടെ പെണ്‍കുട്ടി ഓടിച്ചെന്ന് ഈ ബെല്‍റ്റ് കൈയിലെടുക്കുകയും തുടര്‍ന്ന് അമ്മയെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

അമ്മ മരിച്ചെന്ന് ഉറപ്പിച്ചതോടെ പെണ്‍കുട്ടി തന്നെയാണ് അമ്മയുടെ ഫോണില്‍നിന്ന് വാട്‌സാപ്പ് സന്ദേശം അയച്ചത്. 'ഞാന്‍ എല്ലാ വിധത്തിലും ശ്രമിച്ചു. ഇനി ഞാന്‍ എല്ലാം അവസാനിപ്പിക്കുകയാണ്' എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് വാതില്‍ പൂട്ടി പുറത്തിറങ്ങിയ കുട്ടി താക്കോല്‍ അകത്തേക്കിട്ടു. പിന്നാലെ അമ്മ വാതില്‍ തുറക്കുന്നില്ലെന്ന് പറഞ്ഞ് അച്ഛനെ ഫോണ്‍ വിളിച്ചു. വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മാവനാണ് ആദ്യം വീട്ടിലേക്കെത്തിയത്. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നതോടെയാണ് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ കരാട്ടെ ബെല്‍റ്റ് കുരുങ്ങി നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കുടുംബാംഗങ്ങളെയെല്ലാം ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. ഇതോടെ പെണ്‍കുട്ടിയെ വിശദമായി ചോദ്യംചെയ്യുകയും 15-കാരി സംഭവിച്ചതെല്ലാം തുറന്നു പറയുകയുമായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് ഇന്‍സ്‌പെക്ടറായ യോഗേഷ് ഗൗഡ പറഞ്ഞു. 

Content Highlights: 15 year old girl killed her mother in airoli mumbai