ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിൽ പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ സമീപവാസിയായ 15-കാരൻ അറസ്റ്റിൽ. കുട്ടിയുടെ മൃതദേഹം നദിയിൽനിന്ന് കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കേസിൽ 15-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ എട്ട് ദിവസമായി കാണാതായ പത്ത് വയസ്സുകാരന്റെ മൃതദേഹം ഞായറാഴ്ചയാണ് നർമദ നദിയിൽനിന്ന് കണ്ടെടുത്തത്. സംഭവം മുങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞതോടെ പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരുന്നു. സംശയമുള്ളവരുടെ കൂട്ടത്തിൽ സമീപവാസിയായ 15-കാരനെയും പോലീസ് ചോദ്യംചെയ്തു. പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ 15-കാരനെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി. തുടർന്ന് വീണ്ടും ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റംസമ്മതിച്ചത്.

പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ ഉപേക്ഷിച്ചെന്നായിരുന്നു 15-കാരന്റെ മൊഴി. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയുമായി 15-കാരന് പരിചയമുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും സംസാരിക്കുന്നത് പത്ത് വയസ്സുകാരൻ നേരിട്ട് കാണുകയും ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് 15-കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരിയുമായി സംസാരിച്ച കാര്യം വീട്ടിൽ പറയാതിരിക്കണമെങ്കിൽ പത്ത് വയസ്സുകാരൻ പണവും ആവശ്യപ്പെട്ടിരുന്നു. ദിവസവും 100 രൂപയും 200 രൂപയുമാണ് പത്ത് വയസ്സുകാരൻ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നത്. ഇത് പതിവായതോടെയാണ് പത്ത് വയസ്സുകാരനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് 15-കാരൻ പോലീസിനോട് പറഞ്ഞത്.

കൃത്യം നടത്തിയ ശേഷം 15-കാരൻ തന്നെയാണ് മൃതദേഹം വഞ്ചിയിൽ കയറ്റി നദിയുടെ മധ്യഭാഗത്ത് എത്തിച്ചത്. മൃതദേഹം നദിയിൽ ഉപേക്ഷിച്ചശേഷം വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. പിന്നീട് അയൽക്കാരനായ പത്ത് വയസ്സുകാരനെ കാണാനില്ലെന്ന വാർത്ത പരന്നതോടെ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലിലും പ്രതി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം മറ്റൊരിടത്ത് നദിയിൽനിന്ന് കണ്ടെടുത്തത്.

Content Highlights:15 year old boy killed 10 year old in madhya pradesh