നാഗ്പുര്‍: അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച 15-കാരനും സുഹൃത്തുക്കളും പിടിയില്‍. നാഗ്പുരില്‍ താമസിക്കുന്ന 15-കാരനും ഇയാളുടെ സുഹൃത്തുക്കളായ സുരേഷ് കോരാഡ്ക്കര്‍(19) 17-കാരന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രദീപ് നന്ദന്‍വാര്‍ എന്നയാളെയാണ് മൂവരും ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
15-കാരന്റെ അമ്മയും പ്രദീപും തമ്മില്‍ അടുപ്പത്തിലാണെന്നാണ് പോലീസ് പറയുന്നത്. ഇതിനെച്ചൊല്ലി കുടുംബപ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് അമ്മയുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാന്‍ 15-കാരന്‍ തീരുമാനിക്കുകയായിരുന്നു.
സഹോദരിയുടെ സുഹൃത്തായ സുരേഷിനെയും മറ്റൊരു സുഹൃത്തായ 17-കാരനെയുമാണ് 15-കാരന്‍ ഒപ്പംകൂട്ടിയത്. ജഗ്നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ മൂവര്‍സംഘം ഇയാളെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ പോലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കില്‍നിന്ന് ചാടി. ഇതോടെ മൂന്നംഗസംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നാലെ 15-കാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിച്ചിരുന്നു. പോലീസിലും പരാതി നല്‍കി. തുടര്‍ന്നാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. മൂന്ന് പേര്‍ക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പക്ഷേ, സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Content Highlights: 15 year old boy and friends nabbed for kidnapping his mothers lover