ചെന്നൈ: തമിഴ്‌നാട് വില്ലുപുരത്ത് എഐഎഡിഎംകെ നേതാക്കള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസ്സുകാരിയാണ് വില്ലുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചത്. സംഭവത്തില്‍ എഐഎഡിഎംകെ നേതാക്കളായ ജി.മുരുകന്‍, കെ.കാളിയപെരുമാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച രാവിലെയാണ് ഇരുവരും വീട്ടിലെത്തി പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. വീടിന് മുന്നില്‍ ചെറിയ കട നടത്തുന്നയാളാണ് പെണ്‍കുട്ടിയുടെ പിതാവ്. സംഭവസമയം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കട തുറന്ന് സാധനം നല്‍കാത്തതിനാലാണ് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്നും മറ്റുചില പ്രശ്‌നങ്ങളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം, കേസില്‍ അറസ്റ്റിലായവര്‍ എട്ട് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ പിതൃസഹോദരനെ ആക്രമിച്ച കേസിലും പ്രതികളായിരുന്നു. ഈ കേസില്‍ പ്രതികളായ എട്ടുപേരും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതുസംബന്ധിച്ച വൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 

70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയില്‍നിന്ന് കഴിഞ്ഞദിവസം മജിസ്‌ട്രേറ്റ് മൊഴിയെടുത്തിരുന്നു. പ്രതികളായ രണ്ടുപേരും തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. 

Content Highlights: 14 year old girl set fire by two aiadmk leaders in tamilnadu