ചെന്നൈ: തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ 14 വയസ്സുകാരിയെ സഹോദരി ഭർത്താവ് ഉൾപ്പെടെ 12 പേർ ലൈംഗികമായി പീഡിപ്പിച്ചു. നാമക്കലിലെ തിരുച്ചങ്കോടാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

പ്രതികൾ പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചതായാണ് വിവരം. പെൺകുട്ടിക്ക് ജോലി നൽകിയ കണ്ണൻ, കുട്ടിയുടെ സഹോദരി ഭർത്താവ്, ഇവരുടെ സുഹൃത്തുക്കൾ എന്നിവരാണ് പലതവണയായി കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. വിവരം കുട്ടി അമ്മയെ അറിയിച്ചെങ്കിലും പ്രതികൾ പണം നൽകിയും ഭീഷണിപ്പെടുത്തിയും അവരെ വശത്താക്കി. തുടർന്ന് അയൽവാസി നൽകിയ പരാതിയിൽ ചൈൽഡ് വെൽഫെയർ ഓഫീസർ എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പെൺകുട്ടി തൊഴിലിന് വേണ്ടിയാണ് സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്നത്. പ്രതികൾക്കെതിരേ പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Content Highlights:14 year old girl raped by 12 in tamilnadu