പുണൈ: പ്രണയാഭ്യര്‍ഥന വീട്ടുകാര്‍ എതിര്‍ത്ത വൈരാഗ്യത്തില്‍ 14കാരിയായ കബഡി താരത്തെ യുവാവും കൂട്ടാളികളും ചേര്‍ന്ന് തെരുവിലിട്ട് കുത്തിക്കൊലപ്പെടുത്തി. പുണൈയിലെ ബിബ്‌വേവാഡി പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പെണ്‍കുട്ടി കബഡി പരിശീലനത്തിനായി പോകുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. 

ചൊവ്വാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. ബിബ്‌വേവാഡി പ്രദേശത്തെ കബഡി പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ച് നില്‍ക്കവേയാണ് പ്രതികള്‍ എത്തിയത്. തുടര്‍ന്ന് 22-കാരനായ മുഖ്യപ്രതി ശുഭം ഭഗവതും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ അടക്കം നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ബിബ്‌വേവാഡി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സുനില്‍കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാന പ്രതി ഒളിവിലാണ്. സംഭവസ്ഥലത്ത് നിന്ന് തോക്കുപോലുള്ള വസ്തു കണ്ടത്തിയിട്ടുണ്ട്. കളിത്തോക്കാണെന്ന് സംശയിക്കുന്ന ഇത് പരിശോധിച്ച് വരികയാണന്നും പോലീസ് പറഞ്ഞു. 

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ ശുഭം ഭഗവത്. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കുറച്ചുകാലം താമസിച്ചിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ശുഭം ഭഗവത് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയളെ വീട്ടില്‍നിന്ന് പുറത്താക്കി.

Content Highlights : 14-year-old girl killed in brutal knife attack, 2 Minors Arrested