ബാങ്കോക്ക്: ഒരു വയസ്സുള്ള മകനെ 14 വയസ്സുകാരിയായ അമ്മ തൂക്കിക്കൊന്നു. തായ്‌ലാന്‍ഡിലെ ബ്യൂങ്കാനിലാണ് ദാരുണമായ സംഭവം. കുഞ്ഞുള്ളത് കാരണം സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ സമയം ലഭിക്കുന്നില്ലെന്ന കാരണത്താലാണ് പെണ്‍കുട്ടി മകനെ തൂക്കിക്കൊന്നത്. അയല്‍വാസിയുടെ വീടിന് പുറകിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. 

പിടിയിലായ പെണ്‍കുട്ടി അധികസമയവും സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്നത് പതിവായിരുന്നു. വീട് വിട്ടിറങ്ങിയാല്‍ ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പെണ്‍കുട്ടി തിരിച്ചെത്താറുള്ളത്. മൂന്ന് ദിവസം മുമ്പ് വീട്ടില്‍നിന്ന് പോയ ഇവര്‍ കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വഴക്കുപറഞ്ഞു.

കുഞ്ഞിനെ പരിചരിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കാന്‍ പോകുന്നതാണ് മാതാപിതാക്കളെ ചൊടിപ്പിച്ചത്. തൊട്ടുപിന്നാലെ പെണ്‍കുട്ടി കുഞ്ഞിനെ എടുത്ത് വീട് വിട്ടിറങ്ങി. അയല്‍ക്കാരന്റെ വീട്ടിലേക്കാണ് പെണ്‍കുട്ടി കുഞ്ഞുമായി പോയത്. താമസിക്കാന്‍ ഒരിടം തരണമെന്ന് പറഞ്ഞതോടെ അയല്‍ക്കാരന്‍ ഇവര്‍ക്ക് വീടിന് പുറകിലെ ഷെഡ്ഡില്‍ താമസിക്കാന്‍ അനുമതി നല്‍കി. ഇവിടെവെച്ചാണ് പെണ്‍കുട്ടി മകനെ കഴുത്തില്‍ കയര്‍ കുരുക്കി തൂക്കിക്കൊന്നത്. 

മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന് പിന്നാലെ താന്‍ ഒരുപാട് കരഞ്ഞെന്നും തന്റെ മകനാണ് ഇതിനെല്ലാം കാരണമെന്നുമായിരുന്നു പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. മകനുണ്ടെങ്കില്‍ തനിക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനാകില്ലെന്നും പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. 

പ്രതി കുറ്റം സമ്മതിച്ചതായും ഒരിക്കലും അംഗീകരിക്കാനാകാത്ത കൃത്യമാണ് പ്രതി ചെയ്തതെന്നുമായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. പെണ്‍കുട്ടിക്ക് ഇരുപത് വര്‍ഷം വരെ തടവ് ലഭിച്ചേക്കുമെന്നും നിയമനടപടികള്‍ വേഗത്തില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. 

Content Highlights: 14 year old girl killed her son in thailand