ഇടുക്കി: കട്ടപ്പന മേട്ടുക്കുഴയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിനിയായ 14 വയസ്സുകാരിയെയാണ് ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

കട്ടപ്പനയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ഏലത്തോട്ടത്തില്‍ തൂങ്ങിമരിച്ചെന്നാണ് പോലീസ് പറയുന്നത്. ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇയാളുമായി ഫോണില്‍ സംസാരിച്ചതിന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വഴക്കുപറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. 

ബുധനാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ഏലത്തോട്ടത്തിലെ മരത്തില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ തന്നെ മൃതദേഹം അഴിച്ചെടുത്ത് വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടിയെ ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെന്നാണ് മാതാപിതാക്കള്‍ ആദ്യം പറഞ്ഞിരുന്നത്. പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് പെണ്‍കുട്ടിയുടെ പ്രണയത്തെക്കുറിച്ചും ആത്മഹത്യയാണെന്നവിവരവും ഇവര്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.  

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: 14 year old girl found dead in cardamom plantation in kattappana