റായ്പുർ: ബലാത്സംഗശ്രമം ചെറുത്ത 14 വയസ്സുകാരിയെ തീകൊളുത്തി കൊന്നു. ഛത്തീസ്ഗഢിലെ മുങേലി ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് പെൺകുട്ടിയെ വീട്ടിൽ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി ബുധനാഴ്ച മരണത്തിന് കീഴടങ്ങി.

ചൊവ്വാഴ്ച രാത്രിയാണ് വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ബബ്ലു ഭാസ്കർ(30) എന്നയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ പെൺകുട്ടി ബലാത്സംഗശ്രമം ചെറുത്തുനിന്നു. ഇതിൽ പ്രകോപിതനായ ബബ്ലു പെൺകുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹമാസകലം തീ പടർന്ന പെൺകുട്ടി നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടി. നിലവിളി കേട്ടെത്തിയ സമീപവാസികൾ തീ അണച്ച് പെൺകുട്ടിയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.

പ്രതിയായ ബബ്ലു ഭാസ്കറിനെ ബുധനാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തതായി മുങേലി പോലീസ് സബ് ഡിവിഷണൽ ഓഫീസർ തേജറാം പട്ടേൽ അറിയിച്ചു. ഇയാൾക്കെതിരേ കൊലപാതകം, ബലാത്സംഗം, പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Content Highlights:14 year old girl dies after being set a fire for resisting rape