മുംബൈ: അയല്‍ക്കാരന്റെ പീഡനശ്രമത്തില്‍നിന്ന് സഹോദരിയെ രക്ഷിച്ചത് 14-കാരന്‍. മുംബൈ ജുഹുവില്‍ താമസിക്കുന്ന കുട്ടിയാണ് ആറുവയസ്സുള്ള സഹോദരിയെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

പകല്‍സമയത്ത് 14-കാരനും ആറ് വയസ്സുള്ള സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും ടി.വി. കണ്ടുകൊണ്ടിരിക്കുന്നതിനിടെ കേബിള്‍ കണക്ഷനില്‍ തകരാറുണ്ടായി. ഇത് പരിഹരിക്കാന്‍ സഹായം തേടി പെണ്‍കുട്ടി അയല്‍ക്കാരനായ 45-കാരന്റെ വീട്ടിലെത്തി. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

അയല്‍ക്കാരന്‍ മോശമായി പെരുമാറിയതോടെ പെണ്‍കുട്ടി ഉറക്കെ കരഞ്ഞു. സഹോദരിയുടെ കരച്ചില്‍ കേട്ടതോടെ 14-കാരനും ഇവിടേക്ക് കുതിച്ചു. തുടര്‍ന്ന് സഹോദരിയെ അയല്‍ക്കാരന്റെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മാതാപിതാക്കള്‍ തിരികെ എത്തിയതോടെ ഇരുവരും നടന്ന സംഭവങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ജുഹു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ അതിവേഗത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിന് മുമ്പേ പ്രതിയെ പിടികൂടാനായെന്ന് പോലീസ് പറഞ്ഞു. സഹോദരിയെ പീഡനശ്രമത്തില്‍നിന്ന് രക്ഷിച്ച 14-കാരനെ പോലീസ് അഭിനന്ദിക്കുകയും ചെയ്തു.  

Content Highlights: 14 year old boy rescued his six year old sister from rape bid in mumbai