അഹമ്മദാബാദ്: നിരന്തരം ഉപദ്രവിച്ച അമ്മയുടെ കാമുകനെ പതിനാലുകാരൻ അടിച്ചുകൊന്നു. ഗുജറാത്തിലെ ഡാനിലിംഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അമ്മയുടെ കാമുകൻ തന്നെയും അമ്മയെയും നിരന്തരം ഉപദ്രവിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് പതിനാലുകാരന്റെ മൊഴി. കുട്ടിക്ക് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് അമ്മ കുട്ടിയുമായി കാമുകനൊപ്പം താമസം ആരംഭിച്ചത്. അന്നുമുതൽ ഇയാൾ തന്നെയും അമ്മയെയും നിരന്തരം മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നാണ് പോലീസിനോട് പറഞ്ഞത്. ഇതോടെ അമ്മയുടെ കാമുകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

കൊല്ലാനായി ഒരു സുഹൃത്തിൽനിന്നാണ് കത്തി സംഘടിപ്പിച്ചത്. തുടർന്ന് മെയ് 17-ന് അമ്മയുടെ കാമുകനെ ബെഹ്റാംപുരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് കത്തി കൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ ഇയാൾ നിലത്തുവീണതോടെ മറ്റൊരു ആയുധം കൊണ്ട് അടിച്ച് കൊലപ്പെടുത്തി.

സംഭവസ്ഥലത്തുനിന്ന് സ്കൂട്ടറും ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. പ്രതിയായ പതിനാലുകാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights:14 year old boy killed mothers boyfriend in gujarat