ബെംഗളൂരു: മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കൗമാരക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. നോർത്ത് ബെംഗളൂരുവിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.

പീനിയയിലെ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ വാച്ച്മാനായ ഹനുമന്തരായ (41), ഹൗസ്കീപ്പറായ ഭാര്യ ഹൊന്നമ്മ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ 14 വയസ്സുള്ള ഇളയമകനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ വാഷ്റൂമിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കാലിന്റെ ചർമത്തിൽ പൊള്ളിയപോലത്തെ പാടുള്ളതിനാൽ തന്നെയും ചേട്ടനെയും ഹനുമന്തരായ പതിവായി ആക്ഷേപിക്കുകയും വഴക്കുപറയുകയും ചെയ്തിരുന്നുവെന്ന് അറസ്റ്റിലായ മകൻ പോലീസിനോട് പറഞ്ഞു. ഈ കാരണത്താലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഓഫീസിനുസമീപത്തായിരുന്നു ഹനുമന്തരായയും ഹൊന്നമ്മയും 14-ഉം 15-ഉം വയസ്സുള്ള മക്കളും താമസിച്ചിരുന്നത്. ദമ്പതിമാർ പതിവായി ഓഫീസിലാണ് ഉറങ്ങാറുള്ളത്.

പിറ്റേന്ന് ഉച്ചയായിട്ടും മാതാപിതാക്കളെ കാണാത്തതിനാൽ മൂത്തമകൻ പീനിയ പോലീസിൽ പരാതി നൽകി.

ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ വാഷ്റൂമിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്.