മെക്‌സിക്കോ സിറ്റി: കൊറോണ വൈറസ് ഭീതിക്കിടെ മെക്‌സിക്കോയെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗകൊലപാതകം. മെക്‌സിക്കോയിലെ നോഗെയ്ല്‍സിലാണ് 13 വയസ്സുകാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് മെക്‌സിക്കോയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ 13 വയസ്സുകാരിയെ വീട്ടിലാക്കി കുട്ടിയുടെ അമ്മ ഭക്ഷണം വാങ്ങാനായി പുറത്തുപോയി. ഈ സമയത്താണ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. 

വേര്‍പിരിഞ്ഞു താമസിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ മകളെ ഫോണില്‍ ലഭിക്കാതായതോടെ കുട്ടിയുടെ അമ്മയെ വിളിച്ച് കാര്യം തിരക്കി. മകള്‍ വീട്ടിലുണ്ടെന്ന് പറഞ്ഞെങ്കിലും അവള്‍ ഫോണെടുക്കാത്തതിനെത്തുടർന്ന് ഇദ്ദേഹമാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

അതേസമയം, ലോക്ക്ഡൗണിനിടെയും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാജ്യത്ത് വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സാമൂഹികമാധ്യമങ്ങളിലടക്കം പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടും കൊലപാതകിയെ പിടികൂടാന്‍ ആവശ്യപ്പെട്ടുമുള്ള പോസ്റ്റുകള്‍ നിറഞ്ഞു. രാജ്യത്തെ പലയിടത്തും ലോക്ക്ഡൗണിനിടെയും കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടിയുള്ള പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇതുവരെയും പോലീസിന് പ്രതികളെക്കുറിച്ചുള്ള സൂചന പോലും ലഭിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

Content Highlights: 13 year old girl rapes and killed in mexico during lockdown period