കാസർകോട്: കാസർകോട് ഉളിയതടുക്കയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസികളായ നാലുപേരെയാണ് കാസർകോട് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ആകെ അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

13 വയസ്സുകാരിയെ അയൽക്കാരായ പ്രതികൾ ഏറെനാളുകളായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ജൂൺ 26-ന് കേസിലെ ഒരു പ്രതി പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽവെച്ച് പീഡനത്തിനിരയാക്കിയിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് മറ്റുള്ളവർ പീഡിപ്പിച്ച വിവരവും പുറത്തറിയുന്നത്.

സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ നാലുപേരെയും കഴിഞ്ഞദിവസങ്ങളിലായി അറസ്റ്റ് ചെയ്തു. ഒരാളെ കൂടി പിടികൂടാനുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. പെൺകുട്ടിയെ കൂടുതൽപേർ പീഡനത്തിനിരയാക്കിയോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.

Content Highlights:13 year old girl raped in kasargod four accused arrested