മൂവാറ്റുപുഴ: കുട്ടിഡ്രൈവര്‍മാരെ പിടികൂടി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍. ഓപ്പറേഷന്‍ ജുവനൈല്‍ പരിശോധനയിലാണ് മൂവാറ്റുപുഴ തര്‍ബിയത്ത് സ്‌കൂളിനു സമീപം 13 വയസ്സുകാരന്‍ പിടിയിലായത്. 

വീട്ടില്‍നിന്ന് ഐസ്‌ക്രീം മേടിക്കാന്‍ ബൈക്കുമായി ഇറങ്ങിയ കുട്ടിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സേഫ് കേരള സ്‌ക്വാഡിന്റെ പിടിയിലായത്. എ.എം.വി.ഐ.മാരായ ദിനേഷ് കുമാര്‍ എം., രാജേഷ് ആര്‍. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം നല്‍കിയാല്‍ വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമയ്‌ക്കെതിരേ കേസെടുക്കും.

ഉടമയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും കനത്ത പിഴ ഈടാക്കാനും തീരുമാനമുണ്ട്. ജയില്‍ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ കുട്ടികള്‍ വാഹനവുമായി പുറത്തിറങ്ങുന്നത് വലിയതോതില്‍ കൂടിയിട്ടുണ്ടെന്ന് മോട്ടോര്‍ വകുപ്പ് അധികാരികള്‍ പറഞ്ഞു.