ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷമായി അനുഭവിച്ച കൊടുംക്രൂരതകളില്‍നിന്ന് റിഷബ് (യഥാര്‍ഥ പേരല്ല) ഒടുവില്‍ മോചിതനായിരിക്കുകയാണ്. 13 വയസ്സ് മുതല്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളാണ് അവന്റെ ജീവിതത്തിലുണ്ടായത്. ചെറുപ്രായത്തില്‍ നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ റിഷബ്, മൂന്ന് വര്‍ഷം നിരന്തര ബലാത്സംഗത്തിനും ഇരയായി. 

ഡല്‍ഹി വനിതാ കമ്മീഷനാണ് റിഷബിന്റെ ജീവിതം പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ 16 വയസ്സാണ് റിഷബിന്റെ പ്രായം. നൃത്തം പഠിക്കാനുള്ള അവന്റെ ആഗ്രഹത്തെയാണ് ഒരു സംഘം ചൂഷണം ചെയ്തത്. അത് പിന്നീട് ക്രൂരബലാത്സംഗത്തിലേക്കും ഭിക്ഷാടനത്തിലേക്കും വഴിമാറി. ഒടുവില്‍ നാലംഗ സംഘത്തിന്റെ തടവറയില്‍നിന്നും രക്ഷപ്പെട്ടെത്തിയ റിഷബിനും സുഹൃത്തിനും റെയില്‍വേ സ്റ്റേഷനില്‍വെച്ച് കണ്ട ഒരു അഭിഭാഷകനാണ് തുണയായത്. ഇദ്ദേഹമാണ് വനിതാ കമ്മീഷനെ വിവരമറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തതായും പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും വനിതാ കമ്മീഷന്‍ അറിയിച്ചു.

മൂന്ന് വര്‍ഷം മുമ്പ് ലക്ഷ്മി നഗറിലെ ഒരു നൃത്ത പരിപാടിക്കിടെയാണ് റിഷബ് പ്രതികളിലൊരാളെ പരിചയപ്പെടുന്നത്. നൃത്തം പഠിപ്പിക്കാമെന്ന് പറഞ്ഞ് ഇയാള്‍ 13-കാരനുമായി ചങ്ങാത്തം സ്ഥാപിച്ചു. ഇയാള്‍ക്കൊപ്പം നൃത്തം പരിശീലിക്കുകയും ചില പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. നൃത്തപരിപാടിക്ക് കൃത്യമായി വേതനവും ലഭിച്ചു. ദിവസങ്ങള്‍ പിന്നിട്ടതോടെ ഇയാള്‍ക്കൊപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചു. ഇതോടെയാണ് റിഷബിന്റെ ജീവിതം വഴിമാറിയത്. 

13-കാരന് നാല്‍വര്‍ സംഘം ലഹരിമരുന്ന് നല്‍കി. ലഹരിക്ക് അടിമയായതോടെ നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരവളര്‍ച്ച വേഗത്തിലാക്കാന്‍ ഹോര്‍മോണ്‍ ചികിത്സയും നല്‍കി. ഇതിനുപിന്നാലെയാണ് 13-കാരനെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. 

ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് റിഷബിനെ ആദ്യം ബലാത്സംഗത്തിനിരയാക്കിയത്. പിന്നീട് നിരവധിപേര്‍ ഇടപാടുകാരായെത്തി. ഇതിനൊപ്പം ഡല്‍ഹിയിലെ ട്രാഫിക് സിഗ്നലുകളില്‍ ഭിക്ഷാടനത്തിനും റിഷബിനെ ഉപയോഗിച്ചു. ഭീഷണിപ്പെടുത്തിയാണ് റിഷബിനെ നാല്‍വര്‍ സംഘം നിരന്തരം ചൂഷണം ചെയ്തിരുന്നത്. ആരോടെങ്കിലും വിവരം വെളിപ്പെടുത്തിയാല്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു ആണ്‍കുട്ടിയെ കൂടി ഇവര്‍ രഹസ്യകേന്ദ്രത്തിലെത്തിച്ചു. നേരത്തെ റിഷബ് നൃത്തം അവതരിപ്പിച്ച സ്ഥലത്ത് കാറ്ററിങ് വിഭാഗത്തില്‍ ജോലിചെയ്ത കുട്ടിയായിരുന്നു ഇത്. ഇരുവരും നേരത്തെ പരിചയക്കാരായിരുന്നു. 

ഇതിനിടെ, ചന്തയില്‍വെച്ച് റിഷബ് സ്വന്തം അമ്മയെ കണ്ടുമുട്ടിയെങ്കിലും ഭയംകാരണം ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ വന്നതോടെയാണ് റിഷബിന് താത്കാലിക മോചനം ലഭിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് രഹസ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട റിഷബും സുഹൃത്തും കുടുംബത്തോടൊപ്പം ജീവിതം ആരംഭിച്ചു. പക്ഷേ, ആ മോചനത്തിന് അധികനാള്‍ ആയുസുണ്ടായില്ല. കഴിഞ്ഞ ഡിസംബറില്‍ നാല്‍വര്‍ സംഘം ഇവരുടെ വീട് കണ്ടെത്തുകയും വീട്ടുകാരെ ആക്രമിച്ച് കുട്ടികളെ തിരികെകൊണ്ടുപോവുകയും ചെയ്തു.

രഹസ്യകേന്ദ്രത്തിലെത്തിച്ച റിഷബിനെ ഇവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം റിഷബും സുഹൃത്തും വീണ്ടും അവിടെനിന്ന് രക്ഷപ്പെട്ടു. നേരെ റെയില്‍വേ സ്റ്റേഷനിലേക്കാണ് പോയത്. ഇവിടെവെച്ച് ഒരു അഭിഭാഷകനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. കുട്ടികളുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഇദ്ദേഹം ഡല്‍ഹി വനിതാ കമ്മീഷനെ വിവരമറിയിച്ചു. വിവരങ്ങളെല്ലാം അറിഞ്ഞതോടെ കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിച്ചു.

സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് വനിതാ കമ്മീഷന്‍ നല്‍കുന്ന വിവരം. മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നിലവില്‍ വനിതാ കമ്മീഷന്റെ സംരക്ഷണയില്‍ കഴിയുന്ന കുട്ടികള്‍ക്ക് എല്ലാവിധ നിയമസഹായവും പുനരധിവാസ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. 

Content Highlights: 13 year boy forced to sex change surgery and raped