ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ രംഭാനഗർ സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് കഴിഞ്ഞദിവസം രാത്രി പിടികൂടിയത്. ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട 12 വയസ്സുകാരിയെയാണ് മൂവരും ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു സംഭവം.

പബ്ജി ഗെയിമിലൂടെയാണ് 18,19 വയസ് പ്രായമുള്ള യുവാക്കളുമായി 12-കാരി പരിചയം ആരംഭിക്കുന്നത്. കഴിഞ്ഞമാസം മൂവരും പെൺകുട്ടിയെ രംഭാനഗറിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം തുടർന്നത്.

പരാതി ലഭിച്ചതിന് പിന്നാലെ രംഭാനഗറിൽനിന്ന് മൂന്ന് പ്രതികളെയും പിടികൂടിയതായി പോലീസ് അറിയിച്ചു. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

Content Highlights:12 year old girl raped in bhopal three arrested