ഗുവാഹട്ടി: അസമിലെ നാഗോവ് ജില്ലയിൽ 12 വയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. വെസ്റ്റ് കർബി സ്വദേശിയായ പെൺകുട്ടിയെയാണ് ജോലിചെയ്യുന്ന വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് വീട്ടുടമസ്ഥനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ ജോലിക്കുനിന്നിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് സംശയം. പ്രാഥമിക അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും അതിനാലാണ് രണ്ടുപേരെ പിടികൂടിയതെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

അതേസമയം, പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് വീട്ടുടമയുടെ വാദം. സംഭവം വിവാദമായതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്രകടനങ്ങളും നടത്തി.

Content Highlights:12 year old girl found dead in assam police suspect murder