തിരുവനന്തപുരം : യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം 'പ്രസാര'ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണനാണ് മരിച്ചത്. 

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഗ്നിനാളങ്ങള്‍ ഉപയോഗിച്ച് മുടി സ്‌ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ കണ്ട ശിവനാരായണന്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു. കുളിമുറിയില്‍വെച്ചാണ് അനുകരണശ്രമം നടന്നതെന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. മുത്തശ്ശി മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു. 

വെങ്ങാനൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. സ്ഥിരമായി യൂട്യൂബ് വീഡിയോകള്‍ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 

Content Highlights: 12 year old boy dies in trivandrum after imitating youtube video content