വാസ്‌കോ: 12 വയസ്സുകാരനെ മര്‍ദിച്ചെന്ന പരാതിയില്‍ അയല്‍ക്കാരിക്കെതിരേ പോലീസ് കേസെടുത്തു. ഗോവയിലെ വാസ്‌കോ സ്വദേശിയായ അനിത(55)ക്കെതിരെയാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തത്. ഉറക്കം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് അനിത 12 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. 

12-കാരനും കൂട്ടുകാരും വീടിന് സമീപം സൈക്കിളുമായി കളിക്കുന്നതിനിടെയാണ് അനിത മര്‍ദിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഉച്ചയ്ക്ക് ഉറങ്ങാന്‍ പോയ അനിതയ്ക്ക് കുട്ടികളുടെ ബഹളം കാരണം ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവര്‍ വീടിന് പുറത്തിറങ്ങി 12-കാരനെ വടി കൊണ്ട് അടിക്കുകയായിരുന്നു. അടി കൊണ്ട കുട്ടി സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിയെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് പിടികൂടുകയും വീണ്ടും മര്‍ദിക്കുകയും ചെയ്തു. ഇതുകണ്ടെത്തിയ മറ്റുള്ളവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 

കുട്ടിയുടെ തലയിലും കൈകളിലും കഴുത്തിലും മര്‍ദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് കുട്ടി വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ സംഭവമറിഞ്ഞത്. തുടര്‍ന്ന് പിതാവ് ജോലിസ്ഥലത്തുനിന്ന് വന്നതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

കുട്ടിയെ മര്‍ദിച്ചതിനെതിരേ പ്രദേശത്ത് വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. കുട്ടിയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വലിയ ചര്‍ച്ചയാവുകയും ചെയ്തു. സ്ത്രീക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 

Content Highlights: 12 year boy attacked by neighbour for disturbing her sleep