ന്യൂഡൽഹി: വ്യാജചെക്കുകൾ ഉപയോഗിച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) രണ്ട് അക്കൗണ്ടുകളിൽ നിന്നായി 12 കോടി രൂപ തട്ടിയെടുത്തു. എയിംസിന്റെ എസ്.ബി.ഐ.യിലെ അക്കൗണ്ടുകളിൽ നിന്ന് ഒരു മാസത്തിനിടയിലാണ് ഇത്രയും പണം തട്ടിയെടുത്തത്.
എയിംസ് ഡയറക്ടറുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് ഏഴുകോടി രൂപയും ഡീനിന്റെ അക്കൗണ്ടിൽ നിന്ന് അഞ്ചു കോടി രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു.
സംഭവം സംബന്ധിച്ച് എസ്.ബി.ഐ.യും അന്വേഷണം നടത്തുന്നുണ്ട്. എയിംസിന്റെ പേരിലുള്ള ഉയർന്ന തുകയുടെ ചെക്കുകൾ മാറുന്നതിൽ ജാഗ്രത പുലർത്തണമെന്ന് എല്ലാ ശാഖകളിലെയും ഉദ്യോഗസ്ഥർക്ക് എസ്.ബി.ഐ. അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ദെഹ്‌റാദൂൺ ശാഖയിൽ നിന്ന് 20 കോടി രൂപയും മുംബൈ ശാഖയിൽ നിന്ന് ഒമ്പതു കോടി രൂപയും ഇതേ മാതൃകയിൽ തട്ടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Content Highlights: 12 crores of money stolen from AIIMS using fake checks