ന്യൂഡല്‍ഹി: സ്വകാര്യ വ്യക്തിയുടെ എന്‍.ആര്‍.ഐ നിക്ഷേപമായ 200 കോടി രൂപ കൊള്ളയടിക്കാന്‍ ശ്രമിച്ച കേസില്‍ ബാങ്കിലെ മൂന്ന് ജീവനക്കാരുള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍. അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം തട്ടാനുള്ള ശ്രമം ബാങ്ക് തന്നെ കണ്ടെത്തിയതോടെയാണ് വന്‍ കൊള്ളയ്ക്കുള്ള പദ്ധതി പൊളിഞ്ഞത്. എച്ച്.ഡി.എഫ്.സിയിലെ തന്നെ ഒരു വനിതാ ജീവനക്കാരിയുള്‍പ്പെടെ മൂന്ന് പേരും അറസ്റ്റിലായ സംഘത്തിലുള്‍പ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ പങ്കാളികളായ തട്ടിപ്പില്‍ പോലീസുമായും അന്വേഷണ ഏജന്‍സികളുമായും സഹകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് നിര്‍മിച്ച വ്യാജ ചെക്ക്, നിക്ഷേപകന്റെ അമേരിക്കയിലെ മൊബൈല്‍ നമ്പറിന് സമാനമായ ഇന്ത്യന്‍ മൊബൈല്‍ നമ്പറിന്റെ സിം കാര്‍ഡ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 20ല്‍പ്പരം സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ബാങ്കില്‍ 200 കോടിയോളം രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ടെന്ന് വനിതാ ജീവനക്കാരി മുഖേന മനസ്സിലാക്കിയ ശേഷമാണ് സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തത്.

എച്ച്.ഡി.എഫ്.സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 66 അനധികൃത ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമം നടന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് വ്യാജ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കാനും ശ്രമിച്ചത്. ബാങ്കിലെ തന്നെ ജീവനക്കാരാണ് അക്കൗണ്ടിന് വ്യാജ ചെക്കുണ്ടാക്കിയത്. നിലവിലുള്ള മൊബൈല്‍ നമ്പര്‍ കെ.വൈ.സി വിശദാംശങ്ങളില്‍ മാറ്റാനും ഇവര്‍ ശ്രമിച്ചതായി ഡല്‍ഹ പോലീസ് സൈബര്‍ സെല്‍ അറിയിച്ചു.

എച്ച്.ഡി.എഫ്.സി റിലേഷന്‍സ് മാനേജറുടെ സഹായത്തോടെയാണ് വ്യാജ ചെക്ക്ബുക്ക്, മൊബൈല്‍ നമ്പര്‍ കെ.വൈ.സിയില്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ ക്രമക്കേട് വരുത്തിയത്. ഡി. ചൗരസ്യ, എ.സിങ്, മറ്റൊരു സ്ത്രീ എന്നിവരാണ് പിടിയിലായത്. ഇതില്‍ സ്ത്രീയുടെ പേര് പുറത്ത് വിട്ടിട്ടില്ല. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ മാത്രമാണ് ചെക്ക് ബുക്ക് വ്യാജമായി നിര്‍മിക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് ലോഗിന്‍ ചെയ്യാനുള്ള ശ്രമം എന്നിവ നടത്താനായതെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

Content Highlights: 12 arrested in attempt to collect 200 cr from bank account illegally