തിരുവനന്തപുരം: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ട് കേസുകളിലായി 111 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ചാക്ക പാലത്തിന് സമീപത്തുനിന്ന് 100 കിലോ കഞ്ചാവും പൂജപ്പുരയിലെ വീട്ടിൽനിന്ന് 11 കിലോ കഞ്ചാവുമാണ് പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ചാക്ക പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂർ സ്വദേശി മുഹമ്മദിനെ 100 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ചോദ്യംചെയ്തതോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പാക്ക് ചെയ്ത കഞ്ചാവ് നഗരത്തിലെ ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. സ്പിരിറ്റ് മുഹമ്മദ് എന്നറിയപ്പെടുന്ന ഇയാളുടെ കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

പൂജപ്പുരയിൽ നടത്തിയ മറ്റൊരു റെയ്‌ഡിൽ 11 കിലോ കഞ്ചാവുമായി യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കട്ടത്തിൽ സ്വദേശി ശ്രീറാമാണ് പിടിയിലായത്. ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 11 കിലോ കഞ്ചാവും പിടിച്ചെടുത്തു. ശ്രീറാമിന്റെ സഹോദരനെയും കഞ്ചാവ് കേസിൽ കഴിഞ്ഞദിവസം പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ മേൽനോട്ടത്തിൽ ജില്ലാ നാർകോട്ടിക് സെൽ, ഡാൻസാഫ്, സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുത്തത്.

Content Highlights:111 kg ganja seized in trivandrum city