ചങ്ങരംകുളം: നാലുമാസംകൊണ്ട് 11-കാരന് റീചാര്‍ജ് ചെയ്തത് 28000 രൂപയ്ക്ക്. ഇതുമായിബന്ധപ്പെട്ട് ആലംകോട്ടെ മൊബൈല്ഷോപ്പിന് മുന്നില്‍ സംഘര്‍ഷം. 11-കാരന്റെ വീട്ടില്‍നിന്ന് നിരന്തരം പണം മോഷണംപോവുന്നത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലില്‍ 11-കാരന് വലിയ സംഖ്യ റീചാര്‍ജ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് 11-കാരന്റെ രക്ഷിതാക്കള്‍ മൊബൈല്ഷോപ്പിലെത്തി ജീവനക്കാരനെ മര്‍ദിച്ചു. ബഹളം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ ചങ്ങരംകുളം പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
10, 15 പേര് ഒരുമിച്ചാണ് വലിയ തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്നതെന്നും മൊബൈലില്‍ ഗെയിംകളിക്കാനായിരുന്നു റീചാര്‍ജ് ചെയ്യുന്നതെന്നും മറ്റു കുട്ടികളുംചേര്ന്നാണ് ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതെന്നുമാണ് ഷോപ്പിലെ ജീവനക്കാരനോട് ഇവര്‍ പറഞ്ഞിരുന്നത്. വീട്ടില്‍നിന്ന് ഒന്നരലക്ഷത്തോളം രൂപ മോഷണംപോയെന്നാണ് വീട്ടുകാര്‍ പറയുന്നത്.
രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണം
കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാണെന്നും വീട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പു നല്കി. അമിതമായ തുക വിദ്യാര്‍ഥികള്‍ റീചാര്‍ജ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്ന് മൊബൈല്‍ഷോപ്പ് ജീവനക്കാര്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.