ബെംഗളൂരു: പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൗത്ത് ബെംഗളൂരു ഹെബ്ബഗോഡി ശിക്കാരിപാളയ സ്വദേശി മുഹമ്മദ് അബ്ബാസിന്റെ മകന്‍ ആസിഫ് ആലം ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ ബെംഗളൂരു പോലീസ് ഛത്തീസ്ഗഢിലെ റായ്പുരില്‍നിന്ന് പിടികൂടി. 

റായ്പുര്‍ സ്വദേശികളായ മുഹമ്മദ് നൗഷാദ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയെന്നു സംശയിക്കുന്ന ബിഹാര്‍ സ്വദേശി ഒളിവിലാണ്. മോചനദ്രവ്യമായി പ്രതികള്‍ 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ജൂണ്‍ മൂന്നിനാണ് ആസിഫിനെ ഒരുസംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്. മകനെ കാണാനില്ലെന്നു കാണിച്ച് മുഹമ്മദ് അബ്ബാസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജിഗനിക്കു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ബെംഗളൂരുവില്‍ തൊഴിലന്വേഷിച്ചെത്തിയ ബിഹാര്‍ സ്വദേശിയാണ് തട്ടിക്കൊണ്ടുപോകുന്നതിന് പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.