ബെംഗളൂരു: ബാഗല്‍കോട്ടില്‍ സ്വകാര്യട്യൂഷന്‍ കേന്ദ്രത്തില്‍ തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ 10 പേരെ പോലീസ് അറസ്റ്റുചെയ്തു. വിദ്യാര്‍ഥികളെ മര്‍ദിച്ചവരും മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ബാഗല്‍കോട്ട് എസ്.പി. ലോകേഷ് ജഹലസാര അറിയിച്ചു. ട്യൂഷന്‍കേന്ദ്രം സ്ഥിതിചെയ്യുന്ന ഇക്കല്‍ ടൗണില്‍ പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സ്വകാര്യട്യൂഷന്‍ കേന്ദ്രത്തില്‍ തൊപ്പിധരിച്ചെത്തിയ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നതിനാല്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമാധാനയോഗങ്ങളും ചേര്‍ന്നിരുന്നു. അതേസമയം മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ ഇക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുകേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് ഇക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് മര്‍ദിച്ചവര്‍ നല്‍കിയ പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകളും രംഗത്തുണ്ട്.