എടപ്പാൾ : പന്താവൂർ ഇർഷാദ് വധക്കേസിൽ രണ്ടാംദിവസം നടന്ന തെളിവെടുപ്പിൽ ഇർഷാദിന്റെ വസ്ത്രങ്ങളും കൊല്ലാനുപയോഗിച്ച കയറും അന്വേഷണസംഘം കണ്ടെടുത്തു.
രണ്ടാംദിവസം നടത്തിയ തെളിവെടുപ്പിൽ ഒന്നാംപ്രതി സുഭാഷ് കാണിച്ചുകൊടുത്ത പ്രകാരം മലപ്പുറം, പാലക്കാട് ജില്ലാതിർത്തിയായ നീലിയാട്ടിൽനിന്നാണ് ഇവ കണ്ടെത്തിയത്. ബാഗിൽ ഉപേക്ഷിച്ചനിലയിൽ ഇർഷാദിന്റേതെന്നുകരുതുന്ന വസ്ത്രങ്ങൾ, വാച്ച്, ആധാർകാർഡ് എന്നിവയും പ്ലാസ്റ്റിക് കവറിലിട്ട് ഉപേക്ഷിച്ച കയറുമാണ് കണ്ടെടുത്തത്.
എട്ടാംതീയതി വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. രണ്ടാംപ്രതി എബിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടില്ല. അന്വേഷണസംഘത്തലവൻ തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ്‌ബാബു, ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറയ്ക്കൽ, എസ്.ഐ ഹരിഹരസൂനു, രാജേഷ്, ശ്രീലേഷ് എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പിനെത്തിയത്.